വൈഎസ് ഭാസ്കർ റെഡ്ഡി 
INDIA

ജഗ്‌മോഹൻ റെഡ്ഡിയുടെ പിതൃസഹോദരന്‍ കൊലപാതക കേസിൽ അറസ്റ്റില്‍

മുൻ മന്ത്രിയും എംപിയുമായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതവുമായി ബന്ധപ്പെട്ടാണ് സഹോദരനായ ഭാസ്കര റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തത്.

വെബ് ഡെസ്ക്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃസഹോദരന്‍ വൈഎസ് ഭാസ്കർ റെഡ്ഡിയെ കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. മുൻ മന്ത്രിയും എംപിയുമായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതവുമായി ബന്ധപ്പെട്ടാണ് സഹോദരനായ ഭാസ്കര റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി, അന്തരിച്ച വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരങ്ങളാണ് മരിച്ച വിവേകാനന്ദ റെഡ്ഡിയും അറസ്റ്റിലായ ഭാസ്കര റെഡ്ഡിയും.

സിബിഐ പ്രത്യേക അന്വേഷണ സംഘം ഭാസ്കർ റെഡ്ഡിയെ, കടപ്പ ജില്ലയിലെ പുലിവെണ്ടുലയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്തു. വാർത്തയെ തുടർന്ന് ഭാസ്കർ റെഡ്ഡിയുടെ അനുയായികൾ വീടിന് പുറത്ത് തടിച്ചുകൂടി. അദ്ദേഹത്തെ ഹൈദരാബാദിലേക്ക് മാറ്റുമെന്നും ഞായറാഴ്ച വൈകിട്ടോടെ മാജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കുമെന്നും സിബിഐ അറിയിച്ചു. കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഭാസ്കർ റെഡ്‌ഡി. അദ്ദേഹത്തിന്റെ മകനും എംപിയുമായ അവിനാശ് റെഡ്ഡിയെയും സി ബി ഐ നേരത്തെ ചോദ്യംചെയ്തിരുന്നു.

അവിനാഷ് റെഡ്ഡിയും ഭാസ്‌കര റെഡ്ഡിയും അവരുടെ അനുയായി ഡി ശിവശങ്കർ റെഡ്ഡിയും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ സത്യവാങമൂലം നൽകിയിരുന്നു

2019 മാർച്ചിലായിരുന്നു വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് പുലിവെണ്ടുലയിലെ വസതിയിൽ വെട്ടേറ്റ് മരിക്കുകയായിരുന്നു. 68 കാരനായിരുന്ന അദ്ദേഹം വീട്ടിൽ തനിച്ചുള്ളപ്പോഴാണ് അജ്ഞാതർ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയത്. വിവേകാനന്ദ റെഡ്ഡിയുടെ മകൾ സുനീതാ റെഡ്ഡിയാണ് മരണത്തിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന സംശയം ഉന്നയിക്കുന്നത്. തുടർന്ന് ആന്ധ്രാ പ്രദേശ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമറി. 2020 ജൂലൈയിലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുനീത സമീപിച്ചതോടെ, 2022 നവംബറിൽ സുപ്രീംകോടതി കേസ് ഹൈദരാബാദിലേക്ക് മാറ്റി.

അവിനാഷ് റെഡ്ഡിയും ഭാസ്‌കര റെഡ്ഡിയും അവരുടെ അനുയായി ഡി ശിവശങ്കർ റെഡ്ഡിയും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നും സിബിഐ വ്യക്തമാക്കുന്നു. കടപ്പ ലോക്‌സഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായി അവിനാശിനെ മത്സരിപ്പിക്കുന്നതിനെ വിവേകാനന്ദ റെഡ്ഡി എതിർത്തിരുന്നു. ഇതാണ് അവിനാശ് റെഡ്ഡിയ്ക്കും ഭാസ്‌കർ റെഡ്ഡിക്കും വിവേകാനന്ദ റെഡ്ഡിയോട് വിരോധം ഉണ്ടാകാൻ കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2017ൽ കടപ്പയിൽ നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ അവസരം അട്ടിമറിച്ചതിന്റെ പേരിൽ വിവേകാനന്ദ റെഡ്ഡിക്ക് സഹോദരൻ ഭാസ്‌കർ റെഡ്ഡിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അന്വേഷണ ഏജൻസി പറയുന്നു.

40 കോടി രൂപ വാഗ്ദാനം ചെയ്‌താണ് ഇരുവരും കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. അവിനാഷ് റെഡ്ഡിയെ കഴിഞ്ഞ മാസം പല തവണ സി ബി ഐ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി