ജഗദീപ് ധൻഖറും നരേന്ദ്ര മോദിയും 
INDIA

രാജസ്ഥാനും ഹരിയാനയും ജാട്ട് വോട്ടുകളും; ജഗ്ദീപ് ധന്‍ഖറിലൂടെ ബിജെപി ലക്ഷ്യമിടുന്നത്

ഒബിസി വിഭാഗത്തിൽ നിന്നും ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായും ആദിവാസി വിഭാഗത്തിൽ നിന്നും ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥിയായും എത്തുമ്പോൾ ബിജെപി മുന്നിൽ കാണുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയാണ്.

വെബ് ഡെസ്ക്

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ബംഗാളില്‍ ഭരണപരിചയമുള്ള 'ജനങ്ങളുടെ ഗവര്‍ണര്‍' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ജഗ്ദീപ് ധന്‍ഖറിനെ ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കര്‍ഷക പുത്രന്‍ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജഗ്ദീപ് ധന്‍ഖറിനെ വിശേഷിപ്പിച്ചത്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കുകയാണ് ഉപരാഷ്ട്രപതി സ്ഥാര്‍ത്ഥിയിലൂടെ ബിജെപി. ഒപ്പം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പാര്‍ട്ടിക്കൊപ്പം നിന്ന ജാട്ട് വിഭാഗത്തിനുള്ള നന്ദി പ്രകടനം കൂടിയാണിതെന്നും വിലയിരുത്തപ്പെടുന്നു.

അഭിഭാഷകനിൽ നിന്നും രാഷ്ട്രീയ ജീവിതത്തിലേക്ക്

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതമാണ് ധൻഖറിന്റേത്. 1951 മെയ് 18ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിത്താന ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണ് ജഗ്ദീപ് ധൻഖർ ജനിച്ചത്. അതേ ജില്ലയിലെ ഒരു ഗ്രാമീണ സ്കൂളിൽ പഠനം. ചിറ്റോർഗഡിലെ സൈനിക് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ജയ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി.

രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. രാജസ്ഥാൻ ഹൈക്കോടതിയിലെ ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജനതാദളില്‍ നിന്ന് ബിജെപിയിലേക്ക്

വി പി സിംഗിന് ഒപ്പം ജനതാദൾ രാഷ്ട്രീയത്തില്‍ നടത്തിയ ഇടപെടലായിരുന്നു ധൻഖറിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 1989ൽ ജനതാദൾ ടിക്കറ്റിൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. വി പി സിങ്, ചന്ദ്ര ശേഖര്‍ സര്‍ക്കാരുകളില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ദേവി ലാല്‍ ആയിരുന്നു ധന്‍ഖറിന്‍റെ വഴികാട്ടി.

വിപി സിംഗ് സർക്കാരിൽ നിന്ന് പുറത്തായപ്പോൾ ദേവി ലാലിനൊപ്പം നിന്നു ധൻഖർ. 1990ൽ ചന്ദ്ര ശേഖറിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിൽ സംസ്ഥാന പാർലമെന്ററി കാര്യമന്ത്രിയായി. യൂറോപ്യൻ പാർലമെൻറ് സന്ദർശിക്കാൻ പോയ പാർലമെൻറ് സംഘത്തിലെ ഉപനേതാവുകൂടിയായിരുന്നു അദ്ദേഹം.

പിന്നീട് ബിജെപിയോട് അടുത്തു ധന്‍ഖര്‍. 1993ൽ ആൽവാറിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്നും എംഎൽഎയായി രാജസ്ഥാൻ നിയമസഭയിലെത്തി.

കടുത്ത മമതാ വിമർശകൻ

മൂന്ന് വര്‍ഷം മുമ്പ് പശ്ചിമ ബംഗാളില്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് ശേഷമാണ് ധന്‍ഖര്‍ വീണ്ടും ദേശീയ ശ്രദ്ധയിലെത്തുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസം തന്നെയായിരുന്നു അതിന് കാരണം. സംസ്ഥാനത്തെ ക്രമസമാധാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മമത ബാനര്‍ജിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധന്‍ഖര്‍ രംഗത്തിറങ്ങി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ധന്‍ഖര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ക്ഷണിച്ച് വരുത്തി. അക്രമസംഭവങ്ങളില്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ധന്‍ഖര്‍ പ്രശ്‌നമേഖലകള്‍ സന്ദര്‍ശിക്കുകയും, സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഗവര്‍ണറെ അവഗണിച്ചും അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ നീക്കങ്ങള്‍ നടത്തിയുമായിരുന്നു മമത സര്‍ക്കാര്‍ ധന്‍ഖറിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ധന്‍ഖറെ മാറ്റിക്കൊണ്ട് മമത സര്‍ക്കാര്‍ നിയമം പാസാക്കിയതും വിവാദം സൃഷ്ടിച്ചിരുന്നു. മമത സര്‍ക്കാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കടന്നാക്രമിക്കാനും പലപ്പോഴും ധന്‍ഖര്‍ മുതിര്‍ന്നിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മമത ബാനര്‍ജിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധന്‍ഖര്‍ രംഗത്തിറങ്ങി

ബിജെപി ലക്ഷ്യമിടുന്നതെന്ത് ?

ബിജെപിയ്ക്ക് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുളള സംസ്ഥാനമായ ബംഗാളില്‍ സംസ്ഥാന സര്‍ക്കാറിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ ഇടപെട്ടിരുന്ന ജഗ്ദീപ് ധന്‍ഖറിനെ മാറ്റുന്നതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനെയാണ്. ജാട്ട് സമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് ജഗ്ദീപ് ധന്‍ഖര്‍. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ജഗ്ദീപ് ധന്‍ഖറിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ഈ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുക കൂടിയാണ് ബിജെപിയുടെ നീക്കം.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്. ഏകദേശം 20 ശതമാനത്തോളമാണ് സംസ്ഥാനത്ത് ജാട്ട് സമൂഹത്തിന്റെ ജനസംഖ്യ. ജാട്ട് സമുദായത്തിന്റെ പിന്തുണ രാജസ്ഥാനില്‍ ഒരു നിര്‍ണായക ഘടകമായിരിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

'കിസാൻ പുത്ര' ജഗ്ദീപ് ധൻഖർ ജി വിനയത്തിന് പേരുകേട്ടതാണ്. കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി അദ്ദേഹം എന്നും നിലകൊണ്ടു. അദ്ദേഹം ഞങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ ഭരണഘടനയെക്കുറിച്ചും നിയമ നിർമ്മാണ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് മികച്ച അറിവുണ്ട്. രാജ്യസഭയിലെ മികച്ച അധ്യക്ഷനായി സഭാ നടപടികൾ മികച്ച രീതിയില്‍ അദ്ദേഹം നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹരിയാനയും ബിജെപിയും

ധന്‍ഖറിന് ലഭിക്കുന്ന പരിഗണന ഹരിയാനയിലും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുകയും 2014ല്‍ ഹരിയാനയില്‍ അപ്രതീക്ഷിത വിജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് പഞ്ചാബിയായ മനോഹര്‍ ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതുള്‍പ്പെടെയാണ് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉയര്‍ച്ചയില്‍ ഹരിയാനയില്‍ പ്രബലരായ ജാട്ട് സമൂഹത്തിന് വിയോജിപ്പുണ്ടായിരുന്നു. ഇത് മറികടക്കാന്‍ ധന്‍ഖറിന്റെ സാന്നിധ്യം കൊണ്ട് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

ഹരിയാനയിലെ ജാട്ട് നേതാവ് കൂടിയായിരുന്ന ചൗധരി ദേവി ലാലിന്റെ കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള ധനഖറിന് സംസ്ഥാനത്തും ഏറെ സ്വാധീനവുമുണ്ട്. മാത്രമല്ല ദേവി ലാലിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പലരും കാണുന്ന ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ബിജെപി സഖ്യത്തിലുമാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം ഉറച്ച് നിന്ന ജാട്ട് സമുദായത്തിനുള്ള നന്ദി പ്രകടനം കൂടിയാണ് ധന്‍ഖറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും വിലയിരുത്തപ്പെടുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം