INDIA

ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണം; ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ

സാങ്കേതിക തെളിവുകളുടെയും പണമിടപാടിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്

വെബ് ഡെസ്ക്

ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ. ഷെയ്ഖ് ആദിൽ മുഷ്‌താഖ്‌ ആണ് അറസ്റ്റിലായത്. ഒരു തീവ്രവാദിയെ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സഹായിച്ചതായും അന്വേഷണം നടത്തിയ പോലീസുകാരനെ കുരുക്കിലാക്കാൻ ശ്രമിച്ചതായുമാണ് ആരോപണം. സാങ്കേതിക തെളിവുകളുടെയും പണമിടപാടിന്റെയും അടിസ്ഥാനത്തില്‍ അഴിമതി ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആദിലിനെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

അറസ്റ്റിലായ പ്രതികളും ഡെപ്യൂട്ടി സൂപ്രണ്ടും തമ്മിൽ കുറഞ്ഞത് 40 തവണയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും നിയമസഹായം നേടാനും ഇവർക്ക് മാർഗനിർദേശം നൽകിയതിന്റെ തെഴിവുകളുണ്ട്

ജൂലൈയിൽ അറസ്റ്റിലായ തീവ്രവാദികളുടെ ഫോൺ വിശകലനത്തിൽ നിന്ന് ആദിൽ മുഷ്താഖ് അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പ്രതികളുമായി ടെലഗ്രാമിൽ സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും തെളിവുകളുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

"അറസ്റ്റിലായ പ്രതികളും ഡെപ്യൂട്ടി സൂപ്രണ്ടും തമ്മിൽ കുറഞ്ഞത് 40 തവണയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും നിയമസഹായം നേടാനും ഇവർക്ക് മാർഗനിർദേശം നൽകിയതിന്റെ തെഴിവുകളുണ്ട്. ഇത് കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാനും ആദില്‍ ശ്രമിച്ചു. ഇതിനായി അദ്ദേഹം തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് വ്യാജ പരാതിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഒരാൾ ഒളിവിൽ പോവുകയും ചെയ്തു." അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തലും പണം തട്ടലും ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍

ആദിൽ മുഷ്താഖ് പ്രതികളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതായി പോലീസ് പറയുന്നു. ലഷ്കർ സംഘടനയുടെ ധനകാര്യം കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന മുസാമിൽ സഹൂറുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ആദിൽ മുഷ്താഖിന്റെ സഹായത്തോടെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മുസാമിൽ സഹൂറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ജൂലൈയില്‍ സുഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുന്‍പാണ് ഇയാളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. എന്നാൽ, പരാതി തയ്യാറാക്കിയത് ഡെപ്യൂട്ടി സൂപ്രണ്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തലും പണം തട്ടലും ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീകര ബന്ധം ആരോപിച്ച് പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് അഭയം നൽകുകയും ഡൽഹിയിലേക്ക് കടത്തുകയും ചെയ്തതിന് 2020 ൽ മറ്റൊരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് ശേഷം ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പൊതുസേവനത്തിന്റെയും കപട ദേശീയതയുടെയും മറവിൽ പണം തട്ടലിന്റെ ഒരു വലിയ റാക്കറ്റ് തന്നെ ആദിൽ നിയന്ത്രിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. വർഷങ്ങളായി ജമ്മു കശ്മീർ പോലീസിന്റെ രഹസ്യ നിരീക്ഷണ പട്ടികയിൽ ഇയാളും ഉണ്ടായിരുന്നു. ആദിലിനെതിരായ കേസ് അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം