INDIA

ജമ്മു കശ്മീരില്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വിഘടനവാദികള്‍; സ്വാഗതം ചെയ്ത് പാർട്ടികള്‍

വെബ് ഡെസ്ക്

ജമ്മു കശ്മീർ അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വിഘടനവാദികളായി നിലനിന്നിരുന്ന നേതാക്കള്‍ മുഖ്യധാരരാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. മുൻ ഹുറിയത്ത് നേതാവും ജമാഅത്തെ ഇസ്ലാമി നേതാവുമായ സെയ്‌‌ദ് സലീം ഗിലാനി കഴിഞ്ഞ ദിവസം പീപ്പിള്‍‌സ് ഡെമോക്രാറ്റിക്ക് പാർട്ടിയില്‍ (പിഡിപി)ചേര്‍ന്നു. വിഘടനവാദി പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന കാലത്തുപോലും മുഖ്യധാരയില്‍ നിന്ന് ചുവടുമാറ്റാതിരുന്ന ജമ്മു കശ്മീരിലെ പാർട്ടികളും ബിജെപിയും മാറ്റത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ജമ്മു കശ്മീർ നാഷണല്‍ പീപ്പിള്‍സ് പാർട്ടിയുടെ (എൻപിപി) തലവന്‍കൂടിയായിരുന്നു ഗിലാനി. മിർവായിസ് ഉമർ ഫറൂഖിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറൻസിന്റെ മിതവാദി ഘടകത്തിന്റെ ഭാഗമായിരുന്നു എൻപിപി. കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിലേക്കുള്ള മടങ്ങിവരവിനായി ആശയവിനിമയം നടത്തുന്നതിനായി 2005-ല്‍ മിർവായിസ് നിർദേശിച്ചത് ഗിലാനിയുടെ പേരായിരുന്നു.

ഹുറിയത്തിന്റെ 1993ലെ ഭരണഘടന ലംഘിച്ചെന്നും ന്യൂഡല്‍ഹിയില്‍ രഹസ്യചർച്ചകള്‍ നടത്തിയെന്നും ആരോപിച്ച് 2015ല്‍ മിർവായിസിനെതിരെ തിരിഞ്ഞ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു ഗിലാനി.

മെഹബൂബ മുഫ്തിയുടെ സാന്നിധ്യത്തിലായിരുന്നു ഗിലാനി പിഡിപിയുടെ ഭാഗമായത്. ജമ്മു കശ്മീരിന്റെ എല്ലാ വശങ്ങളേയുംകുറിച്ച് ചർച്ച ചെയ്ത ഏക പാർട്ടി പിഡിപിയാണെന്ന് ഗിലാനി വ്യക്തമാക്കി. കശ്മീർ വിഷയം, മനുഷ്യാവകാശം, ജനങ്ങളുടെ ആശങ്കകള്‍ എന്നിവയെല്ലാം അഭിസംബോധന ചെയ്യാൻ പിഡിപിക്ക് കഴിഞ്ഞെന്നും ഗിലാനി കൂട്ടിച്ചേർത്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ ഗിലാനി വ്യക്തതവരുത്തിയിട്ടില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പ്രതികരണം.

മുൻ ഹുറിയത്ത് നേതാവ് ഗുലാം മുഹമ്മദ് ഹുബ്ബിയുടെ മകനായ ജാവിദ് ഹുബ്ബിയാണ് എഞ്ചിനീർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയുടെ (എഐപി) ചരാർ-ഇ-ഷരീഫ് അസംബ്ലി മണ്ഡലത്തിലെ സ്ഥാനാർഥി. അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ബാരാമുള്ളയില്‍ ഒമർ അബ്ദുള്ളയേയും പീപ്പിള്‍സ് കോണ്‍ഫറൻസ് നേതാവ് സജാദ് ലോണിനേയും റഷീദ് പരാജയപ്പെടുത്തിയിരുന്നു.

ജാവിദിന്റെ പിതാവ് ഗുലാം ഹുബ്ബി 1983ല്‍ സർക്കാർ ജോലി ഉപേക്ഷിച്ചായിരുന്നു അബ്ദുള്‍‌ ഗാനി ലോണ്‍ നേതൃത്വം കൊടുത്ത പീപ്പിള്‍സ് കോണ്‍ഫറൻസിന്റെ ഭാഗമായത്. 1983ലും 1987ലും ഗുലാം അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

2002ല്‍ സാജാദ് അപരസ്ഥാനാർഥികളെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചുവെന്ന ഗുരുതര ആരോപണം നേരിട്ടിരുന്നു. ഗുലാം ഹബ്ബിയായിരുന്നു സജാദിനേയും സഹോദരൻ ബിലാലിനേയും എക്സിക്യൂട്ടീവ് മെമ്പർ ഗുലാം മൊഹിദിൻ സോഫിയേയും പുറത്താക്കിയത്. തന്റെ പിതാവിന്റെ പാതതന്നെ പിന്തുടരുകയാണ് ജാവിദും.

2014ല്‍ പിഡിപിയുടെ ഗുലാം നബി ലോണ്‍ ഹഞ്ചൂര വിജയിച്ച മണ്ഡലമാണ് ചരാർ-ഇ-ഷരീഫ്. മുതിർന്ന നേതാവും മുൻ ധനകാര്യമന്ത്രിയുമായ അബ്ദുള്‍ റഹീമിനെ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തോല്‍പ്പിച്ചത്. ഇത്തവണയും ഇരുവരും മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

വിഘടനവാദി പക്ഷത്തുനിന്ന് പിഡിപി മത്സരിപ്പിക്കുന്ന മറ്റൊരു പ്രധാനി അഗ മുന്താസിർ മെഹ്‌ദിയാണ്. ഹുറിയത്ത് എക്സിക്യൂട്ടീവ് മെമ്പറായ അഗ സെയ്‌ദ് ഹസന്റെ മകനാണ് മെഹ്‌ദി. ബുഡ്‌ഗാമില്‍ നിന്നാണ് മെഹ്‌ദി മത്സരിക്കുന്നത്.

മിർവായിസിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് വിഭാഗത്തിന്റെ ഘടകവും ഷിയ പാർട്ടിയായ അഞ്ചുമാൻ ഇ ഷരി ഷിയാനിലെ പ്രധാനികൂടിയാണ് മെഹ്‍‌ദി. മെഹ്‌ദിയുടെ കുടുംബവും വിഘടനവാദി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ സാമൂഹിക പ്രവർത്തകനായ അല്‍ത്താഫ് അഹമ്മദാണ് മറ്റൊരു സ്ഥാനാർഥി. ജയിലിലടയ്ക്കപ്പെട്ട ബഷീർ അഹമ്മദിന്റെ സഹോദരനാണ് അല്‍ത്താഫ്. ഹുറിയത്തിന്റെ തലവനായിരുന്ന സെയ്‌ദ് അലി ഷാ ഗിലാനിയുടെ അടുത്ത സഹായിയായിരുന്നു ബഷീർ. രാജ്‌പോര നിയമസഭാമണ്ഡലത്തിലെ എഐപി സ്ഥാനാർഥിയാണ് അല്‍ത്താഫ്. പിഡിപിയുടെ സെയ്‌‍ദ് ബഷീർ അഹമ്മദും എൻസിയുട ഗുലാം മൊഹിദിൻ വാനിയുമാണ് എതിരാളികള്‍.

രാജ്‍പോര മണ്ഡലത്തില്‍ 2014ല്‍ പിഡിപിയുടെ ഹസീബ് ദ്രാബുവായിരുന്നു വിജയിച്ചത്. എൻസിയുടെ ഗുലാം മൊഹിദിൻ മിറിനെയാണ് പരാജയപ്പെടുത്തിയത്. അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളിലൊരാളാണ് കലീമുള്ള. ജമാഅത്തെ ഇസ്ലാമിയുടെ മുൻ ജനറല്‍ സെക്രട്ടറി ഗുലാം ലോണിന്റെ മകനാണ് കലീമുള്ള. വടക്കൻ കശ്മീരിലെ കുപ്‌‍വാരയിലെ ലംഗേറ്റില്‍നിന്നാണ് ഖലീമുള്ള മത്സരിക്കുന്നത്. എഞ്ചിനീർ റഷീദായിരുന്നു 2008ലും 2014ലും മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

വിഘടനവാദികളുടെ മുഖ്യധാരയിലേക്കുള്ള തിരിച്ചുവരവിനെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും സ്വാഗതം ചെയ്തു. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ജനാധിപത്യമെന്നായിരുന്നു മെഹബൂബയുടെ വാക്കുകള്‍.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം