ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം പ്രതികരിച്ചത്.
ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായാണ് മെല്ലെപ്പോക്കെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടണ്ണല്‍ 10 - 11 റൗണ്ട് പിന്നിടുമ്പോഴും വെബ് സൈറ്റില്‍ പ്രതിഫലിക്കുന്നത് 5 മുതല്‍ 6 വരെ സീറ്റുകളുടെ ഫലമാണെന്നും ജയറാം രമേശ് ആരോപിക്കുന്നു.
ഹരിയാന-
90 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന ഹരിയാനയില്‍ 65.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍.
2019ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. പത്തുസീറ്റുകളില്‍ വിജയിച്ച ജെജെപിയായിരുന്നു നിര്‍ണായകമായത്. നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഹരിയാനയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന സൂചനകള്‍ നല്‍കിയിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്തുസീറ്റും നേടിയ ബിജെപി 2024-ല്‍ അഞ്ചിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് അഞ്ച് സീറ്റുമായി തിരിച്ചുവരവും നടത്തി.
ജമ്മു - കശ്മീര്‍
എറെ സങ്കീര്‍ണമായ ഒരു കാലഘട്ടത്തിന് ശേഷമാണ് കശ്മീര്‍ ജനത തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഉള്‍പ്പെടെ റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് പ്രതിപക്ഷ സഖ്യം പ്രതീക്ഷിക്കുന്നത്. എന്നാല്‍, കശ്മീരില്‍ 30-35 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷകള്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങായിരുന്നു ജമ്മു - കശ്മീര്‍ മേഖലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് കശ്മീര്‍ താഴ്‌വരയില്‍ വോട്ടെടുപ്പ് നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവരുകയാണ്. മണ്ണും കൃഷിയും ഗുസ്തിയും നിര്‍ണായകമായ ഹരിയാനയും, പലവിഷയങ്ങളാല്‍ കലുഷിതമായ ജമ്മു കശ്മീരും വിധിയെഴുതുമ്പോള്‍ രാജ്യത്തിന്റെ ഭാവി രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാകും. പത്ത് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് തിരിച്ചെത്തുമോ എന്നതാണ് ഹരിയാനയെ നിര്‍ണായകമാക്കുന്നത്. കാര്‍ഷിക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ വിഷയം ഉള്‍പ്പെടെ ചര്‍ച്ചായയ മണ്ണില്‍ ബിജെപിക്ക് അടിപതറും എന്നാണ് എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്ന്.
ഹരിയാന , ജമ്മു - കശ്മിര്‍ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കം
ജമ്മു - കശ്മീര്‍ ഹരിയാന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആംരഭിച്ചപ്പോള്‍ ഹരിയാനയില്‍ ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.
കശ്മീരില്‍ അഞ്ച് സീറ്റുകളിലെ ഫല സൂചനകള്‍ പ്രകാരം മൂന്നെണ്ണത്തില്‍ ബിജെപിയും രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും മുന്നേറുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ കോൺഗ്രസിനൊപ്പം. മുപ്പത് സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം. വോട്ടെണ്ണൽ തുടങ്ങി പതിനഞ്ച് മിനിറ്റ് പിന്നിടുമ്പോള്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ എല്ലാം ലീഡ് ചെയ്യുന്നു.
ജുലാനയില്‍ വിനേഷ് ഫോഗട്ട് മുന്നില്‍
ഹരിയാനയില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താല ഉച്ചന കാലയില്‍ പിന്നില്‍.
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മുന്നേറ്റം.
തപാൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ഹരിയാനയിൽ കോൺഗ്രസ് ലീഡ് ഉയർത്തുന്നു, 26 സീറ്റുകളിൽ കോണ്‍ഗ്രസിന് ലീഡ് . ബിജെപി 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായതിന് പിന്നാലെ പ്രചാരണം സജീവമാക്കിയ ആം ആദ്മി പാർട്ടി പ്രതീക്ഷിച്ച മുന്നേറ്റമില്ല.
വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഹരിയാനയിലും ജമ്മു കശ്മീരിലും പ്രതിപക്ഷ സഖ്യത്തിന് മുന്നേറ്റം. 49 സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് 28 സീറ്റുകളിലും ബിജെപി 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
കശ്മീരില്‍ 18 സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസ് - എന്‍സി സഖ്യം 13 സീറ്റിലും മുന്നേറുന്നു. പിഡിപി ഒരു സീറ്റിലും മുന്നേറുന്നു.
ഹരിയാന , ജമ്മു - കശ്മീര്‍ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം ഒരു മണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷത്തിന് വന്‍ മുന്നേറ്റം. ഹരിയാനയില്‍ കേവലഭൂരിപക്ഷം വേണ്ട സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ക്യാപുകളില്‍ ആഹ്‌ളാദവും തുടങ്ങി.
ഡൽഹി എ ഐ സി സി ആസ്ഥാനത്ത് ആഘോഷം ആരംഭിച്ച് കോൺഗ്രസ് പ്രവർത്തകർ
ജമ്മു കശ്മീരിൽ തൂക്കുസഭയുടെ സാധ്യതകള്‍ തെളിയുന്നതോടെ പി ഡി പിയെയും സ്വാതന്ത്രരെയും ഒപ്പം കൂട്ടാന്‍ ചർച്ചകൾ ആരംഭിച്ച് കോൺഗ്രസും നാഷണൽ കോൺഫറൻസും
ഹരിയാനയിലെ അംബാല കാന്റിൽ ബിജെപിയുടെ അനിൽ വിജ് പിന്നിൽ. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി മുന്നിൽ. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഹ്ളാദ പ്രകടനം തുടങ്ങി.
വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ജമ്മു - കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിന് വ്യക്തമായ മുന്നേറ്റം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് 36 സീറ്റുകളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നു.
ബിജെപി 22 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജമ്മു കശ്മീര്‍ പിഡിപി മൂന്ന് സീറ്റുകളിലും പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍ നാല് സീറ്റുകളിലും ലീഡ് നില ഉയര്‍ത്തുന്നു.
ഹരിയാനയിലെ ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസിന് തിരിച്ചടി. മുന്നേറ്റം തിരിച്ചുപിടിച്ച് ബിജെപി. ഒടുവിലെ കണക്കുകള്‍ പ്രകാരം 44 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് 39 ലേക്ക് ചുരുങ്ങി.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നേടിയ മുന്നേറ്റത്തില്‍ ആഘോഷങ്ങളിലേക്ക് കടന്ന കോണ്‍ഗ്രസ് ക്യാംപില്‍ അമ്പരപ്പ്. വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ മുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ ലീഡ് നില വലിയ തിരിച്ചടി . 14 സീറ്റുകളിലെ ലീഡ് ബിജെപി 46 ലേക്ക് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം 35ല്‍ താഴെ സീറ്റുകളിലേക്ക് താഴ്ന്നു.
ജമ്മു കശ്മീരിൽ പിഡിപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒമർ അബ്ദുല്ല. തിരഞ്ഞെടുപ്പ് ഫലം പൂർണമായി അറിഞ്ഞിട്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും ഒമർ അബ്ദുല്ല.
ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി. ഹരിയാനയില്‍ ബിജെപി ചരിത്രം കുറിക്കുമെന്ന് ദേശീയ വക്താവ് ഡോ. സുധാന്‍ഷു ത്രിവേദി പ്രതികരിച്ചു. ഇപ്പോഴത്തെ ഫല സൂചനകള്‍ ബിജെപിക്ക് അനുകുലമാണെന്നും അദ്ദേഹം പ്രതികരുച്ചു. ജമ്മു കശ്മീരില്‍ നിന്നും പുറത്തുവരുന്നത് ജനാധിപത്യത്തിന്റെ ഉത്സവം കശ്മീര്‍ ജനത ആവേശത്തോടെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു. താഴ്‌വരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതായും ഡോ. സുധാന്‍ഷു ത്രിവേദി അവകാശപ്പെട്ടു.
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇത്തിജ മുഫ്തി. ബിജ്ബിഹേര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇല്‍ത്തിജ മുഫ്തി.
ഹരിയാനയില്‍ ബിജെപിക്ക് മൂന്നാം ഊഴമെന്ന സൂചന നല്‍കി തിരഞ്ഞെടുപ്പ് ഫലസൂചനകള്‍. വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ 50 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേടിയ മുന്നേറ്റത്തെ മറികടന്നാണ് ബിജെപിയുടെ തിരിച്ചുവരവ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 34 ആയി ചുരുങ്ങി. ഒരു സീറ്റില്‍ ഐഎന്‍എല്‍ഡിയും അഞ്ച് സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.
ജമ്മു മേഖലയിലെ ബസോലിയില്‍ ജയം ഉറപ്പിച്ച് ബിജെപി. എട്ട് റൗണ്ടുകളുകളുള്ള മണ്ഡലത്തില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ദര്‍ശന്‍ കുമാര്‍ 28373 വോട്ടുകള്‍ സ്വന്തമാക്കി 14702 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ചു. തൊട്ടുപിന്നിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി എച്ച് ലാല്‍ സിങ് 13671 വോട്ടുകള്‍ നേടി.
കശ്മീരിലും അക്കൗണ്ട് തുറന്ന് എഎപി. ദോഡ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥി മെഹ്‌റാജ് മാലിക്കിന് വിജയം. അഞ്ചാമത്തെ സംസ്ഥാനത്ത് എഎപിയുടെ എംഎല്‍എ ഉണ്ടായതില്‍ അഭിനന്ദനം അറിയിച്ച് അരവിന്ദ് കേജ്രിവാള്‍.
ജമ്മു കശ്മീരിൽ സിപിഎമ്മിന് ഉജ്ജ്വല നേട്ടം. കുൽഗാം മണ്ഡലത്തിൽ മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് ജയം. 7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർസ്ഥാനാർഥിയെ തരിഗാമി പരാജയപ്പെടുത്തിയത്
ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞത് ബിജെപിയുടെ തന്ത്രങ്ങളാണ്. ജമ്മു മേഖലയില്‍ കരുത്ത് നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും കശ്മീര്‍ താഴ് വരയില്‍ തറ തൊടാനായില്ല. ഒമര്‍ അബ്ദുള്ള ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് ജനങ്ങള്‍ ചേര്‍ന്ന് നിന്നപ്പോള്‍ ബിജെപിയുടെ തന്ത്രഫലമായി നിര്‍ത്തിയ സ്വതന്ത്രമാരും അപ്രസക്തമായി.
ഹരിയാന ബദ്‌ലി നിയമസഭാമണ്ഡലത്തില്‍ ബിജെപി ദേശീയ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഓം പ്രകാശ് ധങ്കറിനെ കോണ്‍ഗ്രസിന്‌റെ കുല്‍ദീപ് വത്സ് പരാജയപ്പെടുത്തി
ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് നാഷണല്‍ കേണ്‍ഫറന്‍സ് പ്രസിഡന്‌റ് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പാര്‍ട്ടിയും സഖ്യകക്ഷിയായ കോണ്‍ഗ്രസും ലീഡ് പകുതി കടന്നതോടെയായിരുന്നു തന്‌റെ മകന്‍ മുഖ്യമന്തിയാകുമെന്ന് ഫറൂഖ് പ്രഖ്യാപിച്ചത്
പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ റോഹ്തക് ജില്ലയിലെ കിലോയി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ബിജെപിയിലെ മഞ്ജു ഹൂഡയെ 71,465 വോട്ടിന്‌റെ ഭൂരിപക്ഷത്തിലാണ് ഹൂഡ പരാജയപ്പെടുത്തിയത്.
ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല എല്ലനാബാദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭരത് സിങ് ബെനിവാളിനോട് 1500 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണെന്നും വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ്. ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ 'വിശദീകരിക്കാനാകാത്ത കാലതാമസം' ഉണ്ടെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകള്‍ നേടി അധികാരത്തിലേക്ക്. ബിജെപി 29, പിഡിപി 3, ജെപിസി 1, ഐഎന്‍ഡി 7 എന്നിങ്ങനെയാണ് സീറ്റ് നില.
ഹരിയാനയില്‍ 48 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേക്ക്. കോണ്‍ഗ്രസ് 37, ഐഎന്‍ഡി 3, ഐഎന്‍എല്‍ഡി 2 എന്നിങ്ങനെയാണ് സീറ്റ് നില.