INDIA

സമരപന്തലൊഴിപ്പിച്ച് ഡൽഹി പോലീസ്; ഗുസ്തി താരങ്ങളെ ജന്തര്‍മന്തറിലേക്ക് കടത്തിവിട്ടില്ല, സമരം തുടരുമെന്ന് പ്രഖ്യാപനം

''ജയിലില്‍ കിടക്കേണ്ടത് ബ്രിജ്ഭൂഷണാണ്. എന്തിനാണ് ഞങ്ങളെ ജയിലിലടച്ചത്?'' - ബജ്‌റംഗ് പുനിയ

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ആളിക്കത്തുന്ന പ്രതിഷേധം ഏതുവിധേനെയും അടിച്ചമര്‍ത്താനുള്ള ശ്രമത്തിൽ കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാര്‍ച്ച് മറയാക്കി ജന്തര്‍മന്തറില്‍ നിന്ന് സമരക്കാരെ പൂര്‍ണമായും നീക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. ഗുസ്തി താരങ്ങളുടെ ടെന്റുകളും മെത്തകളും മറ്റ് വസ്തുക്കളുമെല്ലാം പോലീസ് സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്തു.

തിങ്കളാഴ്ച ജന്തര്‍ മന്തറിലേക്ക് വീണ്ടുമെത്താൻ ശ്രമിച്ച ഗുസ്തി താരങ്ങളുടെ വണ്ടി പോലീസ് കടത്തിവിട്ടില്ല. ജന്തര്‍മന്തറിലേക്കുള്ള വഴി പൂര്‍ണമായും അടച്ചു. എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും സത്യഗ്രഹം പുനരാരംഭിക്കുമെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ. നീതി ലഭിക്കും വരെ സമരമെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നാണ് അവരുടെ പ്രഖ്യാപനം.

ഉദ്ഘാടന ദിവസം തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ , ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക , കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നീ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു.

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ ഞായറാഴ്ച രാത്രി തന്നെ വിട്ടയച്ചിരുന്നു. നിയമം ലംഘിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഗുസ്തി താരങ്ങള്‍ ഏര്‍പ്പെട്ടെതെന്ന് പോലീസ് ആരോപിക്കുന്നു.

വീണ്ടും സത്യഗ്രഹ സമരത്തിലേക്ക് കടക്കുമെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. സ്വേച്ഛാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. ഗുസ്തിതാരങ്ങൾക്ക് പുറമെ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 550ലേറെ പേരെ ഇന്നലെ പോലീസ് തടഞ്ഞിരുന്നു.

''ജയിലില്‍ കിടക്കേണ്ടത് ബ്രിജ്ഭൂഷണാണ്. എന്തിനാണ് ഞങ്ങളെ ജയിലിലടച്ചത്?'' ബജ്‌റംഗ് പുനിയ ട്വീറ്റ് ചെയ്തു.

ജന്തര്‍മന്തറില്‍ ജനാധിപത്യം പരസ്യമായി കൊലചെയ്യപ്പെടുകയാണെന്നാണ് വിനേഷ് ഫോഗോട്ട് പ്രതികരിച്ചത്. ''ഒരു വശത്ത് പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. മറുവശത്ത് സമരക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു'' - വിനേഷ് ഫോഗോട്ട് പറഞ്ഞു. ''ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസിന് ഏഴ് ദിവസമെടുത്തു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് ഞങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 7 മണിക്കൂര്‍ പോലും എടുത്തില്ല'' - വിനേഷ് ഫോഗോട്ട് ട്വീറ്റ് ചെയ്തു.

അതിനിടെ വനിതാ ഗുസ്തി താരങ്ങളെ മര്‍ദിക്കുന്ന വീഡോയോയുടെ അടിസ്ഥാനത്തിൽ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മമത ബാനര്‍ജി, എം കെ സ്റ്റാലിൻ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളും പ്രതിഷേധക്കാരെ പിന്തുണച്ച് രംഗത്തെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ