രാഷ്ട്രീയത്തിൽ എതിർ ചേരികളിലുള്ളവർ ശത്രുക്കളാകുന്നതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ, രാഷ്ട്രീയത്തിനുമപ്പുറം ബദ്ധവൈരികളായി മരണം വരെ തുടർന്ന ഒരു ശത്രുതയുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ. തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും ജയലളിതയും. ആശയപരമായ വിയോജിപ്പുകളായിരുന്നില്ല ആ ശത്രുതയുടെ യഥാർത്ഥ കാരണം
ദ്രാവിഡ രാഷ്ട്രീയത്തിലെ ഇരുണ്ട ദിനം
ജയലളിതയും കരുണാനിധിയും തമ്മിലുള്ള പ്രശ്‌നം ആദ്യമായി മറനീക്കി പുറത്തുവരുന്നത് 1989 മാർച്ച് 25 നാണ്, 13 വർഷത്തിന് ശേഷം അധികാരത്തിലെത്തിയ ഡിഎംകെ സർക്കാരിന്‌റെ ആദ്യ ബജറ്റ് അവതരണം. ബജറ്റ് പ്രസംഗം തടസപ്പെടുത്താൻ ജയലളിതയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തീരുമാനിക്കുന്നു. അതിന്‌റെ തൊട്ടുതലേദിവസം ശശികലയുടെ ഭർത്താവ് എം നടരാജന്‌റെ വീട്ടിലുണ്ടായ റെയ്ഡിൽ പ്രതിഷേധിച്ച് ജയലളിത എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതായി സ്പീക്കർക്ക് കത്ത് നൽകി. രാജി അംഗീകരിച്ച് സ്പീക്കർ വിജ്ഞാപനവും ഇറക്കി. പിന്നാലെ നിലപാട് മാറ്റിയ ജയലളിത സ്പീക്കറെ കൊണ്ട് വിജ്ഞാപനം പിൻവലിപ്പിച്ചു. ഇത് സഭയിൽ ഉന്നയിക്കപ്പെടാതെയിരിക്കാനാണ് ബജറ്റ് പ്രസംഗം തടസപ്പെടുത്താൻ ജയലളിതയും പ്രതിപക്ഷ എംഎൽഎമാരും തീരുമാനിച്ചത്.
ബജറ്റ് അവതരിപ്പിക്കാൻ എഴുന്നേറ്റ മുഖ്യമന്ത്രി കരുണാനിധിയെ ജയലളിത ക്രിമിനലെന്ന് വിളിച്ചു. ആ വിളിയെ കരുണാനിധി പ്രതിരോധിച്ച രീതി ജയലളിതയെ കൂടുതൽ പ്രകോപിപ്പിച്ചു. എംജിആറിനെതിരെ ജയലളിത എഴുതിയ കത്തും എംഎൽഎ സ്ഥാനം രാജിവച്ച തീരുമാനവും കരുണാനിധി സഭയിൽ ഉന്നയിച്ചു. പ്രതിപക്ഷം നടുത്തളത്തിറലിറങ്ങി, കരുണാനിധിയുടെ കൈയിൽ നിന്ന് ബജറ്റ് പ്രസംഗം പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഉന്തും തള്ളുമായി, ഡിഎംകെ എംഎൽഎമാർ ജയലളിതയുടെ സാരി വലിച്ച് കീറി. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഡിഎംകെയ്ക്ക് ഒപ്പം ഇനി ഈ സഭയിൽ ഇരിക്കില്ല. മുഖ്യമന്ത്രിയായി മാത്രമേ ഈ പടവുകൾ ഇനി കയറൂവെന്ന് പ്രഖ്യാപിച്ച് ജയലളിത സഭയിൽ നിന്നിറങ്ങി. അഴിഞ്ഞ മുടിയും കീറിയ സാരിയുമായി പടികളിറങ്ങിയ ജയലളിതയുടെ ചിത്രം എഐഡിഎംകെയുടേയും ജയലളിതയുടേയും വിധി മാറ്റിയെഴുതാൻ പോന്നതായിരുന്നു. എംജിആറിന്‌റെ പിൻഗാമിയായി ജയലളിതയെ സ്വീകരിക്കണോ വേണ്ടയോ എന്ന സംശയമുണ്ടായിരുന്ന തമിഴകത്തിന് ജയലളിത അന്നുമുതൽ അമ്മയായി.
ഡിഎംകെ സർക്കാരിനെ താഴെയിറക്കാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കിയ ജയലളിത കോൺഗ്രസുമായി സഖ്യം ചേർന്നു. 2 വർഷത്തിനുള്ളിൽ ഡിഎംകെ സർക്കാരിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. 91 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് 234 ൽ 225 സീറ്റും ജയിച്ച് പുരട്ച്ചി തലൈവിയായാണ് അതേ നിയമസഭയിലേക്ക് ജയലളിത തിരികെ എത്തിയത്.
പക്ഷേ ഇവർ തമ്മിലുള്ള ശത്രുത യഥാർത്ഥത്തിൽ അവിടെ തുടങ്ങിയതായിരുന്നില്ല. എംജിആറും കരുണാനിധിയും ആത്മസുഹൃത്തുകളായിരുന്ന കാലം. ക്ഷണിക്കപ്പെടാത്ത അതിഥിയായി അവർക്കിടയിലേക്കെത്തിയതാണ് ചലച്ചിത്രതാരം കൂടിയായിരുന്ന ജയലളിത. പതിയെ പതിയെ എംജിആറും കരുണാനിധിയും എതിർ ചേരിയിലേക്ക് നീങ്ങുന്നതാണ് തമിഴകം പിന്നീട് കണ്ടത്. ഡിഎംകെ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച എംജിആറിനെ കരുണാനിധി പാർട്ടിയിൽ നിന്ന് പുറത്താക്കി.
എംജിആർ എഐഡിഎംകെ പ്രഖ്യാപിച്ചു. വാക്ചാതുര്യം കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന കരുണാനിധിയെ നേരിടാൻ എംജിആർ ജയലളിതയെ രാഷ്ട്രീയത്തിലിറക്കി. എംജിആറിനെ എതിർചേരിയിലാക്കുന്നതിൽ ജയലളിതയ്ക്ക് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിച്ച കരുണാനിധി അവർക്ക് സിനിമയിൽ അവസരം കുറയ്ക്കുന്നതിനുൾപ്പെടെ ഇടപെട്ടു. പുറംലോകം അറിയാത്ത നിരവധി ദ്രോഹങ്ങൾ ജയലളിതയ്ക്ക് ആ കാലയളവിൽ കരുണാനിധി ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
91 മുതൽ 96 വരെയുളള കാലഘട്ടത്തിൽ ജയലളിതയുടെ അധികാര ദുർവിനിയോഗം തമിഴകത്തെ ഉലച്ചെങ്കിലും ദ്രാവിഡ രാഷ്ട്രീയം വലിയ കോളിളക്കങ്ങില്ലാതെ പോയി. 96 ൽ കരുണാനിധി വീണ്ടും അധികാരത്തിലെത്തി. ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തു. വളർത്തുമകന്‌റെ ആഡംബര കല്യാണം, പോയസ് ഗാർഡനിലെ റെയ്ഡിൽ കണ്ടെടുത്ത കോടികൾ വിലമതിക്കുന്ന വസ്തുക്കൾ, കളർ ടി വി അഴിമതി അങ്ങനെ ഒരുപാട് കാര്യങ്ങൾ. തുടർന്ന് 1996 ഡിസംബർ 7 ന് ജയലളിത അറസ്റ്റ് ചെയ്യപ്പെട്ടു. 30 ദിവസം അവർ റിമാന്റിൽ കഴിഞ്ഞു. പിന്നീടങ്ങോട്ട് ജയലളിതയുടെ മരണം വരെ നീണ്ട നിയമനടപടികളുടെ തുടക്കമായിരുന്നു അത്.
2001 ൽ അധികാരത്തിൽ തിരിച്ചെത്തിയ ജയലളിത, അർധരാത്രി വീട്ടിലുറങ്ങി കിടന്ന കരുണാനിധിയെ കൊലക്കേസ് പ്രതിയെ എന്ന പോലെ അറസ്റ്റ് ചെയത് ജയിലിലടച്ചു. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും നാടകീയമായ സംഭവമായിരുന്നു ഇത്. ഗ്രേറ്റർ ചെന്നൈയിലെ കോർപറേഷൻ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ജെ സി റ്റി ആചാര്യലു ജൂൺ 29 രാത്രി 9 മണിയോടെ ഒരു പരാതി നൽകുന്നു. ഫ്‌ളൈ ഓവർ നിർമാണത്തിൽ 12 കോടിയുടെ നഷ്ടമുണ്ടായി എന്നതായിരുന്നത്. (കരുണാനിധി സർക്കാരിന്‌റെ കാലത്ത് സസ്‌പെൻഷനിലായ ആളാണ് ആചാര്യലു) രാത്രി ഒന്നരയോടെ വീട് വളഞ്ഞ പോലീസ് കരുണാനിധിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് സൺ ടിവിയിലൂടെ ഇന്ത്യ മുഴുവൻ കണ്ടു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റിനെ കേന്ദ്രസർക്കാർ അപലപിച്ചു. കോടതി സർക്കാരിനെ പ്രതികൂട്ടിലാക്കി. ജയലളിതയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.
നിയമസഭ മന്ദിരം , ഇപ്പോൾ ആശുപത്രി
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർമിച്ച ഫോർട്ട് സെന്‌റ് ജോർജ് എന്ന കെട്ടിടത്തിലാണ് തമിഴ്‌നാട് നിയമസഭ പ്രവർത്തിക്കുന്നത്. 2006 ൽ അധികാരത്തിലെത്തിയ കരുണാനിധി 1000 കോടി മുതൽ മുടക്കിൽ 100000 ചതുരശ്രയടി വിസ്തീർണമുള്ള പുതിയനിയമസഭാ മന്ദിരം പണികഴിപ്പിച്ചു. ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയുള്ള ആധുനിക മന്ദിരം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് 2010 ൽ ഉദ്ഘാടനം ചെയ്തു. 2011 ൽ വീണ്ടും തിരഞ്ഞെടുപ്പ്, എഐഡിഎംകെ അധികാരത്തിലെത്തി. നിയമസഭാ മന്ദിരം നിർമിച്ചതിലെ അഴിമതി അന്വേഷിക്കാൻ തീരുമാനിച്ച ജയലളിത പുതിയ മന്ദിരം ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജുമാക്കി മാറ്റി.
മരണത്തിലും തുടർന്ന ശത്രുത
2018 ആഗസ്റ്റ് 7 നാണ് കരുണാനിധി അന്തരിച്ചത്. കലൈഞ്ജർ കരുണാനിധിയുടെ അന്ത്യവിശ്രമം മറീന ബീച്ചിലായിരിക്കണമെന്ന് കരുണാനിധിയുടെ കുടുംബവും ഡിഎംകെ നേതൃത്വവും ആഗ്രഹിച്ചു. കാമരാജും അണ്ണാദുരൈയും എംജിആറും ജയലളിതയും അന്ത്യവിശ്രമം കൊള്ളുന്ന അതേ മറീന ബീച്ചിൽ പക്ഷേ കരുണാനിധിയെ സംസ്‌കരിക്കാനാകില്ലെന്ന് എഐഡിഎംകെ സർക്കാർ നിലപാടെടുത്തു.
കരുണാനിധിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതിനാൽ അനുമതി നൽകാനാകില്ലെന്നായിരുന്നു എടപ്പാടി പളനിസ്വാമി സർക്കാരിന്‌റെ വിശദീകരണം. തുടർന്ന് കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. രജിനികാന്ത് അടക്കമുള്ളവർ വിഷയത്തിൽ ഇടപ്പെട്ടു എന്നിട്ടും സർക്കാർ നിലപാട് മാറ്റിയില്ല. ഒടുവിൽ മദ്രാസ് ഹെെക്കോടതി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.