INDIA

കെ കൃഷ്ണൻകുട്ടി ആർക്കൊപ്പമെന്ന് പിണറായി ചോദിക്കണം, ദേവഗൗഡക്കൊപ്പമെങ്കിൽ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം: സി എം ഇബ്രാഹിം

കളവ് പറയുന്നതിലും കുമാരസ്വാമിയെക്കൊണ്ട് കളവ് പറയിപ്പിക്കുന്നതിലും ദേവഗൗഡ ആഗ്രഗണ്യന്‍

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാകയിലെ ജെഡിഎസ് - ബിജെപി സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ എച്ച് ഡി ദേവഗൗഡയെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം. കളവ് പറയുന്നതിലും കുമാരസ്വാമിയെക്കൊണ്ട് കളവ് പറയിപ്പിക്കുന്നതിലും ദേവഗൗഡ ആഗ്രഗണ്യനാണെന്നാണ് ജെഡിഎസ് കര്‍ണാടക മുന്‍ സംസ്ഥാന അധ്യക്ഷസ്ഥാനായിരുന്ന ഇബ്രാഹിമിന്റെ നിലപാട്. ബിജെപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദേവഗൗഡയുടെ തീരുമാനത്തെ വിമര്‍ശിച്ച തന്നെ പുറത്താക്കിയ നടപടിയിലുള്‍പ്പെടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം അംഗീകരിക്കുന്നു. എന്‍ ഡി എ ബാന്ധവത്തെ അംഗീകരിക്കുന്നവരാണോ ജെ ഡി എസ് കേരളഘടകമെന്ന് പിണറായി ആരായണം. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നിലപാട് ആര്‍ക്കൊപ്പമാണെന്ന് ചോദിക്കാനുള്ള ആര്‍ജവം പിണറായി വിജയന്‍ കാണിക്കണം. ദേവഗൗഡയെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ ഇടതുമുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയാറാകണം.

ജെ ഡി എസിന് പ്രത്യയ ശാസ്ത്രപരമായി നോക്കിയാല്‍ ഒരിക്കലും ബി ജെ പിയുമായി യോജിച്ചുപോകാനാവില്ല. ബി ജെ പി ബാന്ധവത്തെ എല്ലാ ഘട്ടത്തിലും എതിര്‍ത്തവരാണ് കര്‍ണാടകയിലെ യഥാര്‍ഥ ജെ ഡി എസ് പ്രവര്‍ത്തകര്‍. കുമാരസ്വാമിക്കും അച്ഛനും എന്തിന്റെ പേരിലാണ് ബി ജെ പിയോട് സ്‌നേഹം തോന്നിത്തുടങ്ങിയതെന്ന് വ്യക്തമല്ല.

പാര്‍ട്ടിയില്‍നിന്നും അധ്യക്ഷ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയ നടപടി പാര്‍ട്ടി ഭരണഘടനക്കെതിരാണ്. അതിനെ നിയമപരമായി നേരിടും. കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. യഥാര്‍ഥ ജെ ഡി എസ് താനാണെന്ന് നിയമവഴിയിലൂടെ സ്ഥാപിക്കും. കര്‍ണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍ ഉള്‍പ്പടെയുള്ള ജെ ഡി എസ് ഘടകങ്ങളുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. വൈകാതെ കുമാരസ്വാമിയെയും ദേവഗൗഡയെയും പുറത്താക്കും.

കുമാരസ്വാമിയുടെ ചെന്നപ്പട്ടണ മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വോട്ടുകള്‍ സമാഹരിച്ചത് താനാണ്. ഇല്ലായിരുന്നെങ്കില്‍ കുമാരസ്വാമിക്ക് തോല്‍വി അറിയേണ്ടി വന്നേനെ. ജെ ഡി എസിന്റെ നിയമസഭാ തിരഞ്ഞെപ്പ് വിജയം 19 സീറ്റുകളിലേക്ക് ഉയര്‍ത്തിയത് അധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം കൊണ്ടാണ്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ കിട്ടിയിട്ട് ബി ജെ പിക്കൊപ്പം പോകുന്ന നിലപാട് ശരിയല്ല. ബിജെപിക്കൊപ്പം പോകുന്നുവെങ്കില്‍ മുസ്ലിം വോട്ടുകള്‍ കൊണ്ട് വിജയിച്ച സീറ്റ് കുമാരസ്വാമി രാജിവയ്ക്കണം. തനിക്ക് 10 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നും അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സി എം ഇബ്രാഹിം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ