INDIA

538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ

വെബ് ഡെസ്ക്

വിമാന കമ്പനിയായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ ഫണ്ട് തട്ടിച്ചുവെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഇ ഡി ഓഫീസിൽ നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കള്ളപ്പണ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമുള്ള നടപടി. അദ്ദേഹത്തെ ഇന്ന് മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.

കാനറാ ബാങ്കിൽ നിന്ന് 848.86 കോടി രൂപ വായ്പയെടുക്കുകയും അതിൽ 538 കോടി രൂപ കുടിശിക വരുത്തുകയും ചെയ്തെന്ന് പരാതി

കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജെറ്റ് എയർവേയ്‌സ്, നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ ഭാര്യ അനിത, കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജെറ്റ് എയർവേയ്‌സിന്റെ പേരിൽ കാനറാ ബാങ്കിൽ നിന്ന് 848.86 കോടി രൂപ വായ്പയെടുക്കുകയും അതിൽ 538 കോടി രൂപ കുടിശിക വരുത്തുകയോ ചെയ്തുവെന്ന ബാങ്കിന്റെ പരാതിയെ തുടർന്നായിരുന്നു കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്.

സി ബി ഐയുടെ എഫ് ഐ ആർ പ്രകാരം നരേഷ് ഗോയലിന്റെ കുടുംബത്തിന്റെ സ്വകാര്യ ചെലവുകൾ അടക്കം ജെറ്റ് എയർവേയ്‌സ് വഹിച്ചിരുന്നതായി ആരോപിക്കുന്നു. 2023 മെയ് മാസത്തിൽ നരേഷ് ഗോയലിന്റെ വീട്ടിലും കമ്പനി ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.

വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കാനറ ബാങ്ക് രേഖാമൂലമുള്ള പരാതി നൽകിയത്. മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവെയ്‌സ് സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടതിന് പിന്നാലെ ജലൻ കൽറോക്ക് കൺസോർഷ്യം കമ്പനി ഏറ്റെടുത്തിരുന്നു.

25 വർഷത്തെ വിമാനസേവനങ്ങൾക്ക് ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ കുടുങ്ങിയതോടെ 2019ൽ ജെറ്റ് ഏയർവെയ്‌സ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. പിന്നീടാണ് ലണ്ടൻ ആസ്ഥാനമായ കാർലോക് ക്യാപ്പിറ്റൽ, യുഎഇ വ്യവസായി മുരാരി ലാൽ ജലാൻ എന്നിവരുടെ കൺസോർഷ്യം സഹായഹസ്തവുമായി 2021 ൽ കമ്പനി ഏറ്റെടുക്കുന്നത്. ജെറ്റ് ഏയർവെയ്‌സ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കൺസോർഷ്യം 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?