അഴിമതിക്കേസിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ രമേശ് ബയ്സ് നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഖനി വകുപ്പിന്റെ ചുമതലയിലിരിക്കെ ഹേമന്ത് സോറൻ സ്വന്തം പേരിൽ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഗവർണർ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്നും നിയമപരമായി നേരിടുമെന്നുമാണ് ജാർഖണ്ഡ് മുക്തിമോർച്ചയുടെ നിലപാട്.
എന്താണ് പരാതി?
മുഖ്യമന്ത്രിയായ ഹേമന്ത് സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ കമ്പനിക്ക് 2021 ജൂണിലാണ് ലൈസന്‍സ് അനുവദിച്ചത്. ഖനന വകുപ്പിന്റെ ചുമതലയും സോറനായിരുന്നു. തുടര്‍ന്ന് പരാതിയുമായി ബിജെപി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രഘു ബര്‍ദാസാണ് ആരോപണവുമായി രംഗത്തെത്തിയത്. ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെയും സമീപിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പ് പ്രകാരം സോറനെ അയോഗ്യനാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി ഹേമന്ത് സോറന്‍ രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടിന് പിന്നില്‍ ബിജെപിയാണെന്നുമാണ് ഹേമന്ത് സോറന്റെ പ്രധാന ആരോപണം. ഭരണഘടനയുടെ 192 അനുച്ഛേദമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ അയോഗ്യനാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്.
അയോഗ്യനാക്കിയാല്‍ ഇനിയെന്ത്?
ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയാലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തില്ലെന്നാണ് സൂചന. തീരുമാനം ചോദ്യം ചെയ്ത് ഹേമന്ത് സോറന് കോടതിയെ സമീപിക്കാം. ഹർജി നൽകുമെന്ന് ജെഎംഎം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യനാക്കപ്പെട്ടാല്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരും. മന്ത്രിസഭ ഒന്നാകെ രാജിവെയ്ക്കുകയും വേണം. തുടര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കേണ്ടിവരും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വീണ്ടും അധികാരത്തിലെത്താം. ഭാര്യ കല്പന സോറനെ മുഖ്യമന്ത്രിയാക്കിയേക്കും എന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്.
ഹേമന്ത് സോറനെ അയോഗ്യനാക്കിയാലും അത് സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് ഭരണ മുന്നണിയുടെ അവകാശവാദം. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ജെഎംഎമ്മിന് 30 ഉം സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 16 ഉം അംഗങ്ങളാണ് ഉള്ളത് . മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 25 അംഗങ്ങളും. മഹാരാഷ്ട്രയിലെയടക്കം ഉദാഹരണങ്ങൾ മുന്നിൽ നിൽക്കെ എംഎൽഎമാരെ പാളയത്തിൽ ഉറപ്പിക്കുക എന്നത് ജെഎംഎം- കോൺഗ്രസ് സഖ്യത്തിന് നിർണായകമാണ്.