ഹേമന്ത് സോറന്‍ 
INDIA

ജാർഖണ്ഡിൽ ഭരണപക്ഷ എംഎൽഎ മാരുടെ അടിയന്തര യോഗം വിളിച്ച് ഹേമന്ത് സോറൻ

വെബ് ഡെസ്ക്

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കെ, ഭരണകക്ഷി എംഎൽഎമാർ റാഞ്ചിയില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശം. ഓഗസ്റ്റ് 24 വരെ ജാർഖണ്ഡ് വിട്ടുപോകരുതെന്ന് പാര്‍ട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകി. പ്രതികൂല സാഹചര്യമുണ്ടായാൽ അഞ്ച് മണിക്കൂറിനുള്ളിൽ സംസ്ഥാന തലസ്ഥാനത്തെത്തുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡിലും ഓപ്പറേഷൻ കമലയ്ക്ക് കളമൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ്സും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെ എം എം) പ്രതിരോധം ശക്തമാക്കുന്നത്.

മുഖ്യമന്ത്രിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരിച്ചടി ഭയന്നാണ് ഭരണപക്ഷം തങ്ങളുടെ എംഎൽഎമാര്‍ക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭാ സ്പീക്കർ രവീന്ദ്ര നാഥ് മഹ്തോയും ജാർഖണ്ഡ് മുക്തി മോ‍‍‍‍‍‍‍‍‍‍ർച്ച എംഎൽഎ നിരാൽ പുർത്തിയും കോമൺവെൽത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലേക്കുള്ള നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രി പദം ദുരുപയോ​ഗം ചെയ്തെന്നും റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ അനധികൃത ഘനനത്തിന് അനുവാദം നൽകിയെന്നുമാണ് ഹേമന്ത് സോറനെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് റജിസ്റ്റർ ചെയ്ത കേസിന്റെ വാദം, ഓ​ഗസ്റ്റ് 12 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. ഹേമന്ത് സോറനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി പ്രസ്താവിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാനുള്ള തന്ത്രം ആവിഷ്കരിക്കാനാണ് യുപിഎ എംഎൽഎമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തത്. കോണ്‍​ഗ്രസ്, ജെഎംഎം പാര്‍ട്ടികളിലെ എല്ലാ എംഎല്‍എമാരോടും യോ​ഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യോ​ഗം പ്രതിരോധം തീര്‍ക്കലാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍​ഗ്രസ് നേതാവ് അലംഗിര്‍ ആലം പ്രതികരിച്ചു. മുമ്പും ഇത്തരം യോഗങ്ങൾ വിളിക്കുന്നതിനാൽ ഇത് പുതിയ കാര്യമല്ലെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എന്തു തന്നെയായാലും സംഖ്യകൾ യുപിഎയ്ക്കൊപ്പം നിലനിൽക്കുമെന്നും ആലം കൂട്ടിച്ചേർത്തു. ആരോപണങ്ങള്‍ ബിജെപി പ്രചരിപ്പിക്കുന്ന കിംവദന്തിയാണെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ഹേമന്ത് സോറൻ നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് താക്കൂർ വ്യക്തമാക്കി.

ജാർഖണ്ഡിലെ 81 അം​ഗ അസംബ്ലിയിൽ, നിലവിൽ ജെഎംഎമ്മിന് മുപ്പതും കോൺ​ഗ്രസിന് പതിനെട്ടും സിപിഐ എൻസിപി ഏന്നീ കക്ഷികളിൽ നിന്നുള്ള ഓരോരുത്തരും ഉൽപ്പെടെ യുപിഎയ്ക്ക് 50 എംഎൽഎമാരാണ് ഉള്ളത്. ബിജെപി എ ജെ എസ് യു സഖ്യവും 2 സ്വതന്ത്രരും ഉൾപ്പെടെ പ്രതിപക്ഷത്തിന് 30 എംഎൽഎമാരും ഉണ്ട്. സർക്കാർ രൂപീകരിക്കാൻ 41 എംഎൽഎമാരുടെ പിന്തുണ വേണം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്