ഐപിസിക്കും സിആര്‍പിസിക്കും പകരമായി രാജ്യത്ത് ഇന്നു മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയുടെ പതിപ്പില്‍ പിഴവ് കണ്ടെത്തി ജാര്‍ഖണ്ഡ് ഹൈക്കോടതി. പ്രസാധകരായ യൂണിവേഴ്‌സല്‍ ലെക്‌സിസ്‌നെക്‌സിസ് പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഗുരുതരമായ പിഴവ് കണ്ടെത്തിയത്.
ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് പറയുന്ന സെഷന്‍ 103(2) ആണ് തെറ്റായി അച്ചടിച്ചിരിക്കുന്നത്. 'അഞ്ചോ അതിലധികമോ പേര്‍ ഒരു സംഘമായിച്ചേര്‍ന്ന് വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ ഒരു കൊലപാതകം നടത്തുകയാണെങ്കില്‍ സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവും പിഴയും നല്‍കണം'- എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
എന്നാല്‍ ലെക്‌സിസ്‌നെക്‌സിസ് പ്രസിദ്ധീകരിച്ച പതിപ്പില്‍ 'സമാനമായ മറ്റേതെങ്കിലും കാരണങ്ങള്‍' എന്നതിനു പകരം 'മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട്' എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഇതു ഗുരുതരമായ ആശയക്കുഴപ്പവും പ്രത്യാഘാതവും സൃഷ്ടിക്കുന്ന പിഴവാണെന്നാണ് കോടതിയുടെ നിരീക്ഷണം.
പിഴവ് ബോധപൂര്‍വമാണെന്നു കരുതുന്നില്ലെന്നും എന്നാല്‍ ഈ പിഴവ് വളരെ ഗുരുതരമാണെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നും അതുകൊണ്ട് ഉടന്‍തന്നെ തിരുത്ത് വരുത്തണമെന്നും ജസ്റ്റിസുമാരായ ആനന്ദ സെന്‍, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ലെക്‌സിസ്‌നെക്‌സിസ് പ്രസിദ്ധീകരിച്ച പതിപ്പുകള്‍ ഉടന്‍തന്നെ പിന്‍വലിക്കണണെന്നും വില്‍ക്കാതെ ബാക്കിയുള്ള പ്രതികള്‍ തിരിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ പിഴവ് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന പ്രാദേശിക പത്രങ്ങളിലും മുഖ്യധാരാ ദേശീയ മാധ്യമങ്ങളിലും ഉടന്‍ തന്നെ തിരുത്ത് നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
1973 ലെ ക്രിമിനല്‍ നടപടി ചട്ടം, 1872 ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമാണ് ഇന്ന് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ, കൊളോണിയല്‍ നിയമങ്ങളുടെ പൊളിച്ചെഴുത്തെന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് നിയമവിദഗ്ധരും പ്രതിപക്ഷവും ഉയര്‍ത്തുന്നത്.