ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റിലായി അഞ്ച് മാസത്തിനുശേഷമാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്.
ജനുവരി 31നാണ് ഹേമന്ത് സോറനെ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. മറ്റു കുറ്റാരോപണങ്ങളും നിലനില്‍ക്കാത്തതിനാൽ സോറന് ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിയുമെന്നാണ് റിപ്പോർട്ടുകള്‍.
ഭൂമാഫിയ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന ഭാനു പ്രതാപ് പ്രസാദ് എന്ന റവന്യു ഇൻസ്‌പെക്ടറുടെ പക്കൽനിന്നു കണ്ടെത്തിയ രേഖകൾ പ്രകാരമാണ് ഇ ഡി ഹേമന്ത് സോറനെതിരെ കേസെടുത്തത്. സോറൻ അനധികൃതമായി 8.36 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു ഇ ഡി ആരോപണം. കൂടാതെ ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം, ആദിവാസിഭൂമി തട്ടിപ്പ് എന്നിവയുൾപ്പെടെ മൂന്ന് കേസും സോറനുമേൽ ചുമത്തിയിരുന്നു.
കേസിൽ ഇഡി പുറപ്പെടുവിച്ച സമൻസുകളിൽ എട്ടെണ്ണത്തിനും മറുപടി നൽകാത്തതിനെ തുടർന്നാണ് സോറനെ അറസ്റ്റ് ചെയ്തത്. അനധികൃത ഖനനം, റാഞ്ചിയിലെ പട്ടാള ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 2021മുതൽ സോറനെ ഇഡി ചോദ്യം ചെയ്ത് വരികയായിരുന്നു. അതേസമയം, തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് സോറന്‍റെ വാദം. നേരത്തെ സുപ്രീംകോടതി അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും ജന മുക്തി മോർച്ച നേതാവുമായ ചംപയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നവംബറിൽ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സോറന്റെ തിരുച്ചുവരവ് ജെഎംഎമ്മിന് ആത്മവിശ്വാസം പകരും.