INDIA

സമരങ്ങളെ വിലക്കുന്ന ജെഎൻയുവിലെ വിവാദ ഉത്തരവ് പിൻവലിച്ചു; അറിഞ്ഞത് വാർത്തകളിലൂടെയെന്ന് വി സി

ചീഫ് പ്രോക്ടർ താനറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നും വൈസ് ചാൻസലർ

വെബ് ഡെസ്ക്

പ്രതിഷേധവും ധര്‍ണയും നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ജെഎന്‍യു സര്‍വകലാശാല. ജെഎന്‍യു വൈസ് ചാന്‍സലറായ ശാന്തിശ്രീ ഡി പണ്ഡിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സര്‍ക്കുലറിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വി സി പറഞ്ഞു. ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന്റെ ഭാഗമായി ഹുബ്ലിയിലായിരുന്നു. വാര്‍ത്തകളിലൂടെയാണ് ഇത്തരമൊരു കാര്യം അറിഞ്ഞത്, ചീഫ് പ്രോക്ടർ താനറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നും വി സി പ്രതികരിച്ചു. അതിനാല്‍ പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കുകയാണെന്നും വി സി കൂട്ടിച്ചേര്‍ത്തു.

ക്യാംപസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ നിയമാവലിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍ രംഗത്തെത്തിയത്.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാംപസ് നിയമാവലിയില്‍ പുതിയ ഭേദഗതി കൊണ്ടുവന്നത്. ക്യാംപസില്‍ പ്രതിഷേധങ്ങളോ, ധര്‍ണകളോ നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുക, പുറത്താക്കുക തുടങ്ങിയ നടപടികളായിരുന്നു ഇതില്‍ പ്രധാനം. ധര്‍ണകളിലും, പ്രതിഷേധ പരിപാടികളിലേ പങ്കെടുക്കുന്നവര്‍ക്ക് 20,000 രൂപ പിഴ, ക്യാംപസിലെ മറ്റ് വിദ്യാര്‍ഥികളോടോ അധ്യാപകരോടോ, ജീവനക്കാരോടോ അപമര്യാദയായി പെരുമാറുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ 50,000 രൂപ പിഴ എന്നിങ്ങനെയായിരുന്നു പുതിയ പരിഷ്‌ക്കാരങ്ങള്‍. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ജെഎന്‍യു അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്നവരെ പുറത്താക്കാനാകുമെന്നും, പുതിയ നിയമം പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ക്യാംപസില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമാവലി ഭേദഗതി ചെയ്തത്.

അറിയിപ്പ് വന്നതിന് പിന്നാലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും, പുതുതായി നടപ്പാക്കാനൊരുങ്ങുന്ന നിയമങ്ങള്‍ കൂടിയാലോചനകളില്ലാതെയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ