ജി 20 ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്ച. സുരക്ഷയ്ക്കായി നിയോഗിച്ച വാഹനവ്യൂഹങ്ങളിലെ സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ അയയ്ക്കാനായി പോയി. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കാർ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.
ജി 20 ഉച്ചകോടിയുടെ ആദ്യ ദിവസമായ ശനിയാഴ്ചയായിരുന്നു സംഭവം. ഡൽഹി താജ് മാൻസിങ് ഹോട്ടലിൽ സ്ഥിരം യാത്രക്കാരനെ ഇറക്കാനായാണ് ബൈഡന്റെ വാഹനവ്യൂഹത്തിലേക്ക് തിരഞ്ഞെടുത്ത എർട്ടിഗ കാറുമായി ഡ്രൈവർ എത്തിയത്. ഐടിസി മൗര്യ ഹോട്ടൽ അധികൃതരാണ് ഈ വാഹനത്തെ കരാർ അടിസ്ഥാനത്തിൽ സുരക്ഷാവ്യൂഹത്തിലേക്ക് എടുത്തിരുന്നത്. രാവിലെ 9.30ന് ബൈഡന്റെ യാത്ര ആരംഭിക്കാനിരിക്കെയായിരുന്നു സുരക്ഷാവാഹനം സ്വകാര്യ ട്രിപ്പ് പോയത്.
ലോധി എസ്റ്റേറ്റിൽനിന്നാണ് കാറിൽ യാത്രക്കാരനെ കയറ്റിയത്. വാഹനത്തിൽ ബൈഡന്റേയും ഐടിസി മൗര്യ ഹോട്ടലിന്റെയും ജി 20 യുടെയും സ്റ്റിക്കറുകൾ കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടയാനിടയായത്. തുടർന്ന് സുരക്ഷാ പരിശോധയുൾപ്പെടെ പൂർത്തിയാക്കിയാണ് കാർ വിട്ടയച്ചത്. കാർ ഡ്രൈവറേയും കാറിലുണ്ടായിരുന്ന ബിസിനസുകാരനേയും ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്തു. പ്രോട്ടോക്കോളിനെ കുറിച്ച് ധാരണയില്ലായിരുന്നു എന്നാണ് ഡ്രൈവർ നൽകിയ വിശദീകരണം. ചോദ്യം ചെയ്യലിന് ശേഷം ഡ്രൈവറേയും യാത്രക്കാരനേയും വിട്ടയച്ചു. ഇവർക്കെതിരെ തുടർനിയമനടപടി സ്വീകരിക്കില്ല.
ബൈഡന്റെ സുരക്ഷാവാഹനങ്ങളിലേക്കായി ഇന്ത്യ നിരവധി വാഹനങ്ങളും അമേരിക്ക 60 വാഹനങ്ങളും വാടകയ്ക്കെടുത്തിരുന്നു. സുരക്ഷാപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കാർ ബൈഡന്റെ വാഹനവ്യൂഹത്തിൽനിന്ന് നീക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാറിൽനിന്ന് സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും നീക്കം ചെയ്തു.