ജി-20 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇന്ത്യയില്‍. ബൈഡന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ത്രിതല സുരക്ഷാ സംവിധാനമാണ് ഡല്‍ഹിയിലൊരുക്കിയിരിക്കുന്നത്.
അര്‍ദ്ധ സൈനിക സേനാംഗങ്ങള്‍, ഇന്ത്യയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിലെ കമാന്‍ഡോകള്‍, അമേരിക്കയുടെ രഹസ്യ സേവന ഏജന്റുമാര്‍ എന്നിവരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ബൈഡന് ഒരുക്കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് കാറിലാണ് ബൈഡന്‍ ഇന്ത്യയില്‍ യാത്ര ചെയ്യുക. സൈനിക വിമാനമായ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര്‍ 3യിലായിരിക്കും ബീസ്റ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ലോകത്തിലെ തന്നെ ശക്തവും സുരക്ഷിതവുമെന്ന് കരുതപ്പെടുന്ന ബുള്ളറ്റ് പ്രൂഫ് കാറായ ബീസ്റ്റ് അമേരിക്കന്‍ സീക്രട്ട് സര്‍വീസസിന്റെ നിരീക്ഷണത്തിലായിരിക്കും.
വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകള്‍ ഏത് സമയവും ഡല്‍ഹി നിരീക്ഷിക്കുന്നതായിരിക്കും. കരസേനയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളും ഹെലികോപ്റ്ററുകളില്‍ സന്നിതരായിരിക്കും.
ബൈഡനും മറ്റ് അമേരിക്കന്‍ പ്രതിനിധികള്‍ക്കും ഐടിസി മൗര്യ ഷെരാട്ടണ്‍ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബൈഡന്‍ താമസിക്കുന്ന ഹോട്ടലിലെ 14ാമത്തെ നില സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും 14ാം നില സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക കാര്‍ഡുകളും നല്‍കുന്നതായിരിക്കും. നിലയിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക ലിഫ്റ്റും നിര്‍മിക്കുന്നുണ്ട്.
ബൈഡന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 400 മുറികളാണ് ഈ ഹോട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ വിവിധ സ്ഥലങ്ങളില്‍ ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഹോട്ടലിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
കൊവിഡ് പരിശോധന നെഗറ്റീവായതിന് ശേഷമാണ് ബൈഡന്‍ ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ എട്ടിന് ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 9-10 തിയ്യതികള്‍ നടക്കുന്ന ഔദ്യോഗിക ജി20 സെഷനിലും ബൈഡന്‍ പങ്കെടുക്കും.