ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശനവും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് സഖ്യവും കൊണ്ട് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത് കോണ്‍ഗ്രസിന്റെ നാശമെന്നു എച്ച് ഡി ദേവെഗൗഡ. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ നാശം പൂര്‍ണമാകും , കര്‍ണാടകയില്‍ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും ജെഡിഎസ്-ബിജെപി സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ബിജെപിക്കൊപ്പം കൈകോര്‍ത്തതിന് പിന്നിലെ ലക്ഷ്യം ഇതാണ്, സിദ്ധരാമയ്യ പറയുംപോലെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നില്ല. അത് അദ്ദേഹത്തിന്റെ സ്വപ്നം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബോധ്യപ്പെടും. മുഴുവന്‍ സീറ്റുകളും സഖ്യം നേടും. കോണ്‍ഗ്രസ് യുഗം അവസാനിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് നീങ്ങുന്നത്. സീറ്റുവിഭജന ചര്‍ച്ചകള്‍ ജനുവരി 14 നു ശേഷം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും നേതൃത്വവും സഖ്യത്തിന്റെ വിജയത്തിന് സഹായിക്കും . കര്‍ണാടകയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണകൂടി ആകുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു . കോണ്‍ഗ്രസിനെതിരെയുള്ള എല്ലാ പോരാട്ടത്തിലും ജെഡിഎസ് ബിജെപിയെ പിന്തുണക്കും. കര്‍സേവകര്‍ക്കെതിരെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി എടുത്തതും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധത വെളിവാക്കുന്നതാണെന്നും ദേവെഗൗഡ ആരോപിച്ചു . ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പണമൊഴുക്കി തെലങ്കാനയിലെ ജനവിധി കോണ്‍ഗ്രസിനു അനുകൂലമാക്കി മാറ്റിയതിനു തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും ദേവെ ഗൗഡ അവകാശപ്പെട്ടു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ മാത്രമായി തകര്‍ന്നടിഞ്ഞതോടെ ആയിരുന്നു ബിജെപി ജെഡിഎസ് പാളയത്തിലേക്ക് അടുത്തത്. ജെഡിഎസിനെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള നീക്കം ദേശീയ നേതൃത്വം നടത്തിയെങ്കിലും തത്കാലം തിരഞ്ഞെടുപ്പ് സഖ്യവും എന്‍ ഡി എ പ്രവേശവും മതിയെന്നായിരുന്നു ജെഡിഎസിന്റെ നിലപാട്. ബിജെപി ബാന്ധവത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാക്കളായ സി എം ഇബ്രാഹിം, സി കെ നാണു തുടങ്ങിയവരെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇടതു മന്ത്രിസഭയില്‍ അംഗമായ കെ കൃഷ്ണന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ഒരു ജെഡിഎസിന്റെയും ഭാഗമല്ലെന്ന നിലപാടിലാണ്.