ആഘോഷ നിമിഷങ്ങൾ വ്യത്യസ്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അങ്ങനെ സ്വന്തം ജന്മദിനാഘോഷം വ്യത്യസ്തമാക്കി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു സോമറ്റോ ഡെലിവറി എക്സിക്യൂട്ടീവ്. എന്താണ് സംഭവം എന്നല്ലേ ?
സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവ് ആയ കരൺ ആപ്തെയാണ് വ്യത്യസ്തമായ രീതിയിൽ ജന്മദിനം ആഘോഷിച്ച് വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരണിന് 30 വയസ് തികഞ്ഞത്. പിറന്നാളിനോടനുബന്ധിച്ച് രണ്ട് കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. ഒന്ന് സ്വന്തമായി ഒരു ഷർട്ട് വാങ്ങിച്ചു. രണ്ടാമതായി ഭക്ഷണം എത്തിച്ചുകൊടുത്ത എല്ലാവർക്കും പാഴ്സലിനോടൊപ്പം ഓരോ ചോക്ലേറ്റും വിതരണം ചെയ്തു.
കരൺ ആപ്തെ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്ക് വച്ച ഇക്കാര്യം പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. ജന്മദിനത്തിന് മറ്റുള്ളവരിൽ നിന്ന് മധുരവും സമ്മാനങ്ങളും പ്രതീക്ഷിക്കുന്നവരാണ് നമ്മളില്‍ കൂടുതലും. അതിനിടയ്ക്കാണ് അപരിചിതരായ ആളുകൾക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് കരൺ വ്യത്യസ്തനായത്.
ഇന്നെന്റെ ജന്മദിനമാണെന്നും പുതിയ ഷർട്ട് വാങ്ങിച്ചെന്നും എല്ലാ ഓർഡറിനൊപ്പവും ഓരോ ചോക്ലേറ്റ് നൽകിയെന്നും പറഞ്ഞുള്ള കരണിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലർ സോമാറ്റോയെയും പരാമർശിച്ചു. സോമറ്റോ കരണിന്റെ പിറന്നാൾ ആഘോഷിക്കണെമെന്നും സമ്മാനങ്ങൾ നൽകണമെന്നുമാണ് കമന്റുകൾ.
എന്നാൽ ഞെട്ടിപ്പിച്ച് കൊണ്ട് സോമറ്റോ സ്വാദിഷ്ടമായ കേക്ക് സമ്മാനിച്ചെന്നും പോസ്റ്റ് വൈറലായതിൽ കമ്പനി സന്തോഷത്തിലാണെന്നും വ്യക്തമാക്കി കരൺ മറ്റൊരു പോസ്റ്റും ഇട്ടു.