INDIA

ജയപ്രകാശ് നാരായണന് ആദരം അർപ്പിക്കുന്നതില്‍ അഖിലേഷ് യാദവിന് യോഗി സർക്കാരിന്റെ 'വിലക്ക്'; യുപിയില്‍ സംഭവിക്കുന്നതെന്ത്?

അഖിലേഷിനെയും സമാജ്‌വാദി പാർട്ടി പ്രവർത്തകരെയും തടയുന്നതിനായി വൻ പോലീസ് സന്നാഹത്തെയാണ് ജെപിഎൻഐസിക്ക് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ഉത്തർപ്രദേശിലെ ജയപ്രകാശ് നാരായണ്‍ ഇന്റർനാഷണല്‍ സെന്ററി(ജെപിഎൻഐസി)ലേക്കു തനിക്കു പ്രവേശനം നിഷേധിക്കുന്നതായി ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌ പി) അധ്യക്ഷൻ അഖിലേഷ് യാദവ്. തന്നെ തടയുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജെപിഎൻഐസിയുടെ പ്രധാന കവാടം ടിൻ ഷീറ്റുകള്‍ ഉപയോഗിച്ചുമറച്ചതായും അഖിലേഷ് പറയുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് എസ് പി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. നിരവധി എസ് പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ സാഹചര്യം സംഘർഷഭരിതമായി മാറി.

സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്റെ ജന്മവാർഷികമാണ് നാളെ (ഒക്ടോബർ 11). ജയപ്രകാശ് നാരായണന് ആദരം അർപ്പിക്കുന്നതിനായി അഖിലേഷ് നാളെ ജെപിഎൻഐസിയിലെത്താനിരിക്കെയാണ് സംഭവവികാസങ്ങള്‍.

അതേസമയം, അഖിലേഷ് കുട്ടികളെപ്പോലെ പെറുമാറുന്നുവെന്നാണ് ബിജെപിയുടെ വിമർശം. അഖിലേഷിനെയും പ്രവർത്തകരേയും തടയുന്നതിനായി വൻ പോലീസ് സന്നാഹത്തെയാണ് ജെപിഎൻഐസിക്കു മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. ജയപ്രകാശ് നാരായണന്റെ പോസ്റ്ററുകളുമെന്തിയാണ് എസ് പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.

ടിൻ ഷീറ്റുകളുപയോഗിച്ച് സർക്കാർ എന്ത് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അഖിലേഷ് ചോദ്യമുയർത്തി. ജെപിഎൻഐസി വില്‍ക്കാൻ സർക്കാർ ഒരുങ്ങുകയാണോയെന്ന സംശയവും അഖിലേഷ് ഉന്നയിച്ചിട്ടുണ്ട്. ബിജെപി സർക്കാർ ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുകയാണ്. ജെപിഎൻഐസി പോലുള്ള വികസനപ്രവർത്തനങ്ങള്‍ ഇല്ലാതാക്കി മാഹാന്മാരെ ബിജെപി അപമാനിക്കുകയാണ്. ഈ ഏകാധിപതികള്‍ക്കു മുന്നില്‍ സോഷ്യലിസ്റ്റുകള്‍ ഒരിക്കലും തലകുനിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

"ജയപ്രകാശ് നാരായണ്‍ജിയെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികളോട് ബിജെപിക്കു വിരോധമാണുള്ളത്. രാജ്യത്തിനായി സ്വാതന്ത്ര്യസമരത്തില്‍ തങ്ങളുടെ പാർട്ടിക്ക് പങ്കെടുക്കാനാകാത്തതിന്റെ കുറ്റബോധമാണ് ബിജെപിക്കുള്ളത്. അതിനാല്‍, രാജ്യത്തിനായി പോരാടിയവരുടെ ജന്മവാർഷികത്തില്‍ പോലും ആദരമർപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല," അഖിലേഷ് യാദവ് വിമർശിച്ചു.

എന്തുകൊണ്ടാണ് അഖിലേഷിന് പ്രവേശനം നിഷേധിക്കുന്നത്?

അഖിലേഷിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ജെപിഎൻഐസി നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. ജെപിഎൻഐസിയില്‍ നിർമാണപ്രവർത്തനങ്ങള്‍ നടക്കുകയാണെന്നും നിർമാണസാമഗ്രികളാണ് പ്രദേശത്ത് മുഴുവനെന്നും നോട്ടിസില്‍ പറയുന്നു. മഴ പെയ്തതിനാല്‍ നിരവധി പ്രാണികളുണ്ടെന്ന ന്യായവും നോട്ടിസിലുണ്ട്.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ആവശ്യമായ വ്യക്തിയാണ് അഖിലേഷ് യാദവ്. അതിനാല്‍ അദ്ദേഹം ജെപിഎൻഐസിയിലെത്തുന്നതും പ്രതിമയില്‍ മാലയിട്ട് ആദരിക്കുന്നതും സുരക്ഷിതമായിരിക്കില്ലെന്നും നോട്ടിസില്‍ പറയുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍