അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പെടെയുള്ളവരെ ഹൈക്കോടതി ജഡ്ജിമാരായി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. സ്വവര്‍ഗാനുരാഗിയാണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന്റെ ശുപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു.
സൗരഭ് കൃപാല്‍ സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുകയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കിയത്. എന്നാല്‍ ഭരണഘടനാ പദവി നിര്‍വഹിക്കുന്ന പലരുടേയും പങ്കാളികള്‍ വിദേശികളാണെന്ന് കൊളീജിയം ഓര്‍മപ്പെടുത്തി. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ സൗഹൃദമാണെന്നും ശുപാര്‍ശയില്‍ കൊളീജിയം വിശദീകരിക്കുന്നു. വ്യക്തികളുടെ ലൈംഗികത ചൂണ്ടിക്കാട്ടി ജഡ്ജി സ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കുന്നു.
''ലൈംഗികാഭിമുഖ്യത്തിന് അനുസൃതമായി അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്. തന്റെ ലൈംഗികത മറച്ചുവെയ്ക്കാതെ തുറന്നു പറഞ്ഞ വ്യക്തിയാണ് സൗരഭ് കൃപാല്‍'' - കൊളീജിയം വിശദീകരിക്കുന്നു.
മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം 2021 നവംബറിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി സൗരഭ് കൃപാലിനെ നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.
കോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസുകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സോമശേഖര്‍ സുന്ദരേശനെ ബോംബെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേന്ദ്രം വിസമ്മതിച്ചത്. എല്ലാ പൗരന്‍മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും ആ അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരായ അമിതേഷ് ബാനര്‍ജി , സാക്യ സെന്‍ എന്നിവരെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയും കൊളീജിയം കേന്ദ്രത്തിന് കൈമാറും.