പൊതുമധ്യത്തിൽ ജഡ്ജിമാർ മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദര്ശിപ്പിക്കുന്നതിന് താൻ എതിരാണെന്ന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി. ന്യായാധിപരുടെ മതവിശ്വാസം അവരുടെ നാല് ചുമരുകൾക്കുള്ളിൽ നിൽക്കണമെന്നും അത് ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കൂട്ടിച്ചേർക്കുന്നു ഹിമ കോഹ്‌ലി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണേശ ചതുർഥി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതിനു പിന്നാലെയാണ് ഹിമ കോഹ്‌ലിയുടെ പ്രതികരണം. ഭരണകൂടവും നീതിന്യായ സംവിധാനവും തമ്മിലുള്ള ബന്ധം എത്തരത്തിലാകണം എന്ന ചർച്ചയാണ് ഇതിനോടനുബന്ധിച്ച് സജീവമാകുന്നത്. നീതിന്യായ സംവിധാനം ഇപ്പോഴും ഭരണനിർവഹണ സംവിധാനങ്ങളിൽ നിന്ന് അകലം പാലിക്കണം എന്ന തത്വം ചീഫ് ജസ്റ്റിസ് പാലിച്ചില്ല എന്ന വിമർശനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് വിരമിച്ച ജഡ്ജിയുടെ പ്രതികരണം.
നമുക്ക് പലവിശ്വാസങ്ങളുമുണ്ടാകാം എന്നാൽ നമ്മൾ ഒരു സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ മാനവികതയും ഭരണഘടനയുമാവണം നമ്മുടെ മതം. ഹിമ കോഹ്‌ലി പറയുന്നു. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക്ക് എന്നുവച്ചാൽ പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത സാമൂഹിക വർഗങ്ങളിലുള്ള ആളുകൾ ഉൾക്കൊള്ളണമെന്നാണ് ഹിമ കോഹ്‌ലി പറയുന്നത്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ നിലപാടുകൾ നീതിയുടെ വിതരണത്തെ ബാധിക്കുമെന്നാണ് ഹിമ കോഹ്‌ലിയുടെ പക്ഷം.
പൊതുമധ്യത്തിൽ ഭരണകൂടവും നീതിന്യായ സംവിധാനവും പരസ്പരം സംവദിക്കുന്ന സാഹചര്യങ്ങളുണ്ടാകണം. അത് നീതിനിർവഹണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ അതിന് ഒരു വ്യവസ്ഥയുണ്ടാകണമെന്നും ഇല്ലങ്കിൽ അനുഭവിക്കേണ്ടിവരുന്നത് നീതിന്യയായ സംവിധാനമായിരിക്കുമെന്നും ഹിമ കോഹ്‌ലി. പൊതുമധ്യത്തിൽ രാഷ്ട്രീയ നേതൃത്വത്തെ നിങ്ങൾ കാണേണ്ടി വരും, അവിടെ നിങ്ങൾക്ക് ചുറ്റും ജനങ്ങളുണ്ട്. അതിൽ തെറ്റുണ്ടെന്ന് താൻ കരുതുന്നില്ല എന്ന് പറഞ്ഞ ഹിമ കോഹ്‌ലി തന്റെ സ്വകാര്യജീവിതത്തിലേക്ക് കയറിവരാൻ ആരെയും താൻ അനുവദിച്ചിട്ടില്ല എന്നും പറയുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ തന്റെ മേൽ സ്വാധീനം ചലുത്താൻ ആരും ശ്രമിച്ചിട്ടില്ല എന്നും അതിനുള്ള ഇടം താൻ ആർക്കും നൽകിയിരുന്നില്ല എന്നും ഹിമ കോഹ്‌ലി പറയുന്നു. പലരും നേരിട്ടല്ലാതെ തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും, അത്തരം സാഹചര്യങ്ങളിൽ അവർക്ക് തങ്ങളെ സമീപിക്കാൻ സാധിക്കില്ല എന്നുറപ്പാക്കുമെന്നും അവർ പറയുന്നു. ഉച്ചഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ പോലും താൻ സഹജഡ്ജിമാരുമായി ഇപ്പോൾ കൈകാര്യം ചെയ്യുന്ന കേസിനെ കുറിച്ച് സംസാരിക്കാറില്ലെന്നും ആ വിഷയം തങ്ങളുടെ ബെഞ്ചിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതാണെന്നുമാണ് ഹിമ കോഹ്‌ലിയുടെ അഭിപ്രായം. സ്വർഗ്ഗ വിവാഹം, ഗർഭഛിദ്ര നിയമം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിച്ച ജഡ്ജി കൂടിയാണ് ജസ്റ്റിസ് ഹിമ കോഹ്‌ലി.
(ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിലാണ് ഹിമ കോഹ്‌ലിയുടെ അഭിപ്രായ പ്രകടനം.)