ജൂലൈയിലെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന പരിധിക്കും മുകളിൽ. ജൂണിൽ 4.87 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം 7.44 എന്ന നിലയിലേക്കെത്തിയത്. പച്ചക്കറികളുടെ പ്രത്യേകിച്ചും തക്കാളിയുടെ വിലവർധനയാണ് നിരക്കിൽ ഇത്രയധികം വർധനയുണ്ടാക്കിയത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് തിങ്കളാഴ്ചയാണ് കണക്കുകൾ പുറത്തുവിട്ടത്.
അഞ്ച് മാസത്തിനിടെ ആദ്യമായാണ് ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന പരിധിയായ ആറ് ശതമാനത്തിന് മുകളിൽ പോകുന്നത്. രണ്ടുമുതൽ ആറ് ശതമാനം വരെയാണ് ആർബിഐയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ 53 സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായ സർവേയിൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെത്തുടർന്ന് വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പം 6.40 ശതമാനം വരെ ഉയരുമെന്ന് പ്രവചിച്ചിരുന്നു.
ജൂണിൽ 4.49 ശതമാനമായിരുന്ന ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) കഴിഞ്ഞ മാസമായപ്പോഴേക്കും 11.51 ശതമാനമായി ഉയർന്നു. ഇന്ത്യൻ ഗ്രാമീണ മേഖലയിലെയും നഗരങ്ങളിലെയും പണപ്പെരുപ്പവും ക്രമാതീതമായി കഴിഞ്ഞ മാസം വർധിച്ചിരുന്നു.
ആർബിഐയുടെ ധനനയ അവലോകനത്തിൽ ഓഗസ്റ്റിലെ റിപ്പോ നിരക്ക് 6.50 ശതമാനമായി തന്നെ നിലനിർത്തിയിരുന്നു. അതേസമയം അടുത്ത രണ്ട് മാസത്തിലും പച്ചക്കറി വിലയിൽ വർധന ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഉയരാൻ കാരണമായിരുന്നു. തക്കാളി പോലുള്ള പച്ചക്കറികളുടെ വില കിലോയ്ക്ക് 200 രൂപയും കടന്ന് കുതിച്ചിരുന്നു.