പഞ്ചാബില്‍ അടുത്തിടെ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്ക് പാകിസ്താന്‍ ബന്ധം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കാൻ പാകിസ്താൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉന്നയിക്കുന്നത്. അമൃത്സർ ജില്ലയിലെ അജ്‌നാലയിലുണ്ടായ സംഘർഷവും പോലീസുകാർക്കെതിരായ അക്രമവും ചൂണ്ടിക്കാട്ടിയാണ് ആരോപണം. പാകിസ്താൻ പണം നൽകിയവരാണ് സംഘർഷത്തിന് പിന്നിലെന്നും, അവർ ഒരിക്കലും പഞ്ചാബിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഭഗവന്ത് മൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പഞ്ചാബിൽ സമാധാനാന്തരീക്ഷമാണ്. ആം ആദ്മി സർക്കാർ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ കുറച്ചാളുകൾക്ക് വിദേശത്ത് നിന്നും പണം ലഭിക്കുന്നുണ്ട്. പ്രധാനമായും പാകിസ്താൻ നിന്നും.ഭഗവന്ത് മൻ
ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയരുന്നതിനെക്കുറിച്ചും സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്നതിനെക്കുറിച്ചും മൻ വിശദമാക്കി. ''അജ്‌നാലയിൽ അക്രമമുണ്ടാക്കിയ 1,000 പേർ പഞ്ചാബിനെ പ്രതിനിധീകരിക്കുന്നവരായി നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെയെങ്കിൽ പഞ്ചാബിലേക്ക് വരൂ, ആരാണ് അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നതെന്ന് നോക്കൂ. ഇവിടെയുള്ള കുറച്ചാളുകൾക്ക് വിദേശത്ത് നിന്നും പണം ലഭിക്കുന്നുണ്ട് . എടുത്ത് പറയുകയാണെങ്കിൽ പാകിസ്താനിൽ നിന്നുമാണ് പണം എത്തുന്നത്. രാജസ്ഥാനേക്കാൾ കൂടുതൽ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് അവർ പ്രധാനമായും പഞ്ചാബിന്റെ ക്രമാസമാധാനം തകർക്കാൻ നിരന്തരം നീക്കങ്ങൾ നടത്തുന്നുവെന്നും പാകിസ്താനിൽ നിന്ന് സംസ്ഥാനത്തേക്ക് ഡ്രോണുകൾ അയക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.''
ഫെബ്രുവരി 23നാണ് ഖാലിസ്ഥാൻ അനുകൂല സംഘടനയിൽപ്പെട്ട ആയിരക്കണക്കിനാളുകൾ വാളും തോക്കുമായി അജ്‌നാലയിലെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത്. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അനുയായിയായ ലവ്‌പ്രീത് തൂഫാനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തുഫാനെ വിട്ടയച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പോലീസിനെ ഭീഷണിപ്പെടുത്തിയതായും മൻ വ്യക്തമാക്കി