ആന്ധ്രപ്രദേശ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നും പിൻമാറി സുപ്രീം കോടതി ജസ്റ്റിസ് എസ് വി എൻ ഭട്ടി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തത്.
വിഷയം ഏറ്റെടുത്തയുടൻ ജസ്റ്റിസ് ഖന്ന, നായിഡുവിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയോട് ഭട്ടിക്ക് കേസ് കേൾക്കുന്നതിൽ ചില തടസ്സങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. ആന്ധ്ര സ്വദേശായായ താൻ കേസ് കേൾക്കുന്നത് അനുചിതമാണെന്നായിരുന്നു ഭട്ടിയുടെ നിലപാട്. അടുത്തയാഴ്ച കേസ് ഉചിതമായ ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്യുമെന്നും ഖന്ന നായിഡുവിന്റെ അഭിഭാഷകരെ അറിയിച്ചു. ഒക്ടോബർ രണ്ടിന് കേസ് പരിഗണിക്കണമെന്ന് നായിഡുവിന്റെ അഭിഭാഷകനായ ലുത്ര ആവശ്യപ്പെട്ടിരുന്നു, എന്നാൽ നടപടിക്രമങ്ങൾക്ക് സമയമെടുക്കുന്നതിനാൽ ഇനിയും താമസം ഉണ്ടാകുമെന്നും ഖന്ന അറിയിച്ചു.
അതേസമയം, ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് വിചാരണ ജഡ്ജിയെ വിലക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കൂടാതെ, ഒക്ടോബർ മൂന്നിന് കേസ് പുതിയ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ഹർജി തുടർച്ചായി മാറ്റുന്നത് ഇന്ത്യൻ ക്രിമിനൽ നടപടികൾക്ക് പരിഹാസമായി മാറുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ലുത്ര അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷത്തെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ ആസൂത്രിത പ്രചാരണമാണ് ഇതെന്നാണ് നായിഡുവിന്റെ മറ്റൊരു അഭിഭാഷകനായ ഗുണ്ടൂർ പ്രമോദ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
തനിക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന നായിഡുവിന്റെ ഹർജി ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു, 2021ൽ കുറ്റകൃത്യം രജിസ്റ്റർ ചെയ്തതിനെത്തുടർന്ന്, സാക്ഷികളുടെ വിസ്താരവും ആവശ്യ തെളിവുകളുടെ ശേഖരണവും നടത്തിയ ശേഷമാണ് നായിഡുവിനെതിരെ അന്വേഷണ ഏജൻസി ക്രിമിനൽ നടപടികൾ ആരംഭിച്ചതെന്നും അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും സെപ്തംബർ 22ലെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ കമ്പനികളുമായി സഹകരിച്ച് സംസ്ഥാനത്തെ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്കിൽ ടെവേലോപ്മെന്റ്റ് സ്ഥാപനങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയിൽ അഴിമതി നടത്തിയെന്നാരോപിച്ചാണ് കേസ്. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവായ ചന്ദ്രബാബു നായിഡു സെപ്റ്റംബർ 10നാണ് അറസ്റ്റിലായത്. കേസിൽ 37-ാം പ്രതിയാണ് നായിഡു.