INDIA

വാതില്‍ പൂട്ടിയില്ല, വളര്‍ത്തുനായ നഷ്ടപ്പെട്ടു; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ജഡ്ജി

വെബ് ഡെസ്ക്

തന്റെ വളർത്തുനായയെ നഷ്‌ടപ്പെടാൻ കാരണമായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കത്ത്. ഡൽഹി ഹൈക്കോടതിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗൗരംഗ് കാന്ത് ആണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ജോയിന്റ് പോലീസ് കമ്മീഷണർക്ക് (സെക്യൂരിറ്റി) കത്തെഴുതിയത്.

ജൂൺ 12നാണ് ജഡ്ജി കത്തയച്ചത്. പോലീസുകാരുടെ അനാസ്ഥ മൂലമാണ് തന്റെ വളർത്തുനായയെ നഷ്ടമായതെന്നും അതിനാൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗൗരംഗ് കാന്തിനെ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് കത്ത് സോഷ്യൽ മീഡിയയിൽ വൈറലായത്.

വളരെയേറെ വേദനയോടും ദേഷ്യത്തോടെയുമാണ് ഞാൻ ഈ കത്തെഴുതുന്നതെന്നാണ് പരാതിയിലെ ആദ്യ വാചകം. ''എന്റെ ഔദ്യോഗിക വസതിയിൽ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം, എനിക്ക് വളർത്തുനായയെ നഷ്ടപ്പെട്ടു. വാതിൽ പൂട്ടിയിടാൻ അവരോട് ആവർത്തിച്ച് പറഞ്ഞിട്ടും എന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും അവരുടെ കൃത്യനിർവഹണത്തിലും പരാജയപ്പെട്ടു. അത്തരം കാര്യക്ഷമതയില്ലായ്മയും കർത്തവ്യ അവഗണനയ്ക്കും അടിയന്തര ശ്രദ്ധ ആവശ്യമാണ്. അത്തരം അശ്രദ്ധ എന്റെ വസതിയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കാം, എന്റെ ജീവൻ പോലും അപകടത്തിലായേക്കാം. എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണിയായേക്കാവുന്ന മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാനും അഭ്യർത്ഥിക്കുന്നു,'' ജഡ്ജി കത്തിൽ പറഞ്ഞു.

ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് മൂന്ന് പ്രവൃത്തി ദിവസത്തിനകം സമർപ്പിക്കാൻ ജോയിന്റ് പോലീസ് കമ്മീഷണറോട് ജസ്റ്റിസ് കാന്ത് ആവശ്യപ്പെട്ടു.

പൊതുവിമർശനം ക്ഷണിച്ചുവരുത്തുകയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്ന രീതിയിൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നതിലുള്ള ആശങ്ക പങ്കുവച്ച് അടുത്തിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് ഗൗരംഗ് കാന്തിന്റെ കത്ത് പുറത്തുവരുന്നത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്