ജസ്റ്റിസ് പി എസ് നരസിംഹ 
INDIA

എന്റെ ശമ്പളത്തിന്റെ പകുതി തരാം, 'മൈ ലോർഡ്' പ്രയോഗം നിർത്തൂ: അഭിഭാഷകരോട് ജസ്റ്റിസ് പി എസ് നരസിംഹ

വെബ് ഡെസ്ക്

കോടതി നടപടികൾക്കിടെ 'മൈ ലോർഡ്' 'യുവർ ലോർഡ്‌ഷിപ്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി എസ് നരസിംഹ. മൈ ലോർഡ് എന്ന സംബോധന നിർത്തിയാൽ തന്റെ പകുതി ശമ്പളം നൽകാമെന്ന് പറഞ്ഞാണ് ജസ്റ്റിസ് നരസിംഹ അതൃപ്തി അറിയിച്ചത്. ഈ വാക്കുകൾക്ക് പകരം സർ എന്നുപയോഗിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

"മൈ ലോർഡ് എന്ന് നിങ്ങൾ എത്ര തവണ പറയും? ഇത് പറയുന്നത് നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം. എന്തുകൊണ്ട് പകരം 'സർ' എന്ന് ഉപയോഗിച്ച് കൂടാ? " ജസ്റ്റിസ് പിഎസ് നരസിംഹ ഒരു വാദത്തിനിടെ ഒരു അഭിഭാഷകനോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ബൊപ്പണ്ണയുൾപ്പെടെയുള്ള ബെഞ്ച് വാദം കേൾക്കുന്നിതിനിടെയായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം.

വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് മൈ ലോർഡ്, മൈ ലോർഡ്‌ഷിപ് തുടങ്ങിയ പദങ്ങൾ അഭിഭാഷകർ ഉപയോഗിക്കുക. കൊളോണിയൽ ഉത്ഭവം ഉള്ള ഈ പദങ്ങൾ ഉപയോഗിക്കുന്ന രീതി പല ജഡ്ജിമാരും നേരത്തെ പരസ്യമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അഭിഭാഷകർ ഇപ്പോഴും ഇതാണ് തുടർന്നു പോരുന്നത്. 2006- ൽ , ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഇത്തരം പദങ്ങളുടെ ഉപയോഗം കൊളോണിയൽ ഭൂതകാലത്തിന്റെ അവശിഷ്ടമാണെന്ന് പ്രസ്താവിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.

'മൈ ലോർഡ്' ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ 2009-ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. ചന്ദ്രു അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. തന്നെ 'യുവർ ലോർഡ്‌ഷിപ്പ്' അല്ലെങ്കിൽ 'മൈ ലോർഡ്' എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഒറീസ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ് മുരളീധർ അഭിഭാഷകരോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്. "മൈ ലോർഡ്" അല്ലെങ്കിൽ "ലോർഡ്ഷിപ്പ്" എന്നതിന് പകരം "സർ" എന്ന് അഭിസംബോധന ചെയ്യാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രജിസ്ട്രി അംഗങ്ങൾ ഉൾപ്പെടെയുള്ള ജില്ലാ ജുഡീഷ്യറിയിലെ ഉദ്യോഗസ്ഥർക്ക് ഒരു കത്തും അദ്ദേഹം അയച്ചിരുന്നു.

2019-ൽ രാജസ്ഥാൻ ഹൈക്കോടതി, അഭിഭാഷകരോടും ജഡ്ജിമാർക്ക് മുന്നിൽ ഹാജരാകുന്നവരോടും ജഡ്ജിമാരെ "മൈ ലോർഡ്" എന്നും "യുവർ ലോർഡ്ഷിപ്പ്" എന്നും എന്നും അഭിസംബോധന ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നോട്ടീസ് അയച്ചിരുന്നു. ജൂലായ് 14ന് ചേർന്ന യോഗത്തിൽ ഏകകണ്ഠമായ പ്രമേയത്തെ തുടർന്നാണ് ഈ നോട്ടീസ് നൽകിയത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ കൽപ്പനയെ മാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും