റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക ഉത്തരവുമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ നടത്താന്‍ ജെജെബി ഉത്തരവിട്ടു. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയെ മുതിര്‍ന്നയാളായി പരിഗണിക്കണമെന്ന് സിബിഐ കേസിന്റെ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ പക്വത, കഴിവ് എന്നിവ തെളിയിക്കാനുളള ശാസ്ത്രീയമായ പരിശോധനകളില്ലാത്ത സാഹചര്യത്തില്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിക്കണമെന്നായിരുന്നു സിബിഐ മുന്നോട്ടുവെച്ച വാദം.
പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി ഒക്ടോബര്‍ ഒന്നിന് ജുവനൈല്‍ ബോര്‍ഡ് നാലുമണിക്കൂര്‍ നീണ്ടു നിന്ന പരിശോധന നടത്തിയിരുന്നു. മാനസിക നില നിര്‍ണയിച്ച ശേഷമാണ് ഉത്തരവ്. ഒക്ടോബര്‍ 31 മുതല്‍ വിചാരണ ആരംഭിക്കും.
ഈ വര്‍ഷം ജുലൈ 13 നാണ് പ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണോ അല്ലയോ എന്ന് നിര്‍ണയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിഷയം കൈമാറുകയായിരുന്നു.
2017 സെപ്റ്റംബറിലാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ അതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അന്വേഷണം സംഘം പിടികൂടി. സംഭവം നടക്കുമ്പോള്‍ 16 വയസായിരുന്ന പ്രതിക്ക് ഈ വര്‍ഷം 21 വയസ് തികഞ്ഞു.