ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആര്‍എസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്ത കവിതയെ തിഹാർ ജയിലിനുള്ളിൽ നിന്നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിത തിഹാറിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.
അടുത്തിടെ പ്രത്യേക കോടതിയിൽ അനുമതി നേടി സിബിഐ ഉദ്യോഗസ്ഥർ കവിതയെ ജയിലിനുള്ളിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. എക്‌സൈസ് നയത്തെ സ്വാധീനിക്കാൻ ആം ആദ്മി പാർട്ടിക്ക് (എഎപി) പണം നൽകിയതായി മറ്റ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റുകളും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും സംബന്ധിച്ചാണ് അന്വേഷണ ഏജൻസി കവിതയെ ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹി കോടതി കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയത്.
തിങ്കളാഴ്ച ഇടക്കാല ജാമ്യം തേടി കവിത കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ ആരോപണവിധേയമായ കുറ്റകൃത്യത്തിൽ കവിതയുടെ സജീവ പങ്കാളിത്തവും തെളിവ് നശിപ്പിക്കാനായി മനഃപൂർവം ഇടപെടല്‍ ടത്തിയതിനും തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം 15 നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ കെ കവിത ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് അറസ്റ്റിലായത്.
മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യകമ്പനിക്ക് പങ്കുണ്ടെന്നാണ് ആരോപണം. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയകേസില്‍ സൗത്ത് ഗ്രൂപ്പിന്റെ പ്രതിനിധികളില്‍ ഒരാളാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്. 2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.
2022 ഡിസംബർ 12ന്, കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കവിതയുടെ ഹൈദരാബാദിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഏഴ് മണിക്കൂറിലേറെയാണ് സിബിഐ സംഘം അന്ന് മൊഴിയെടുത്തത്.