ഡല്‍ഹിയിലെ ഗതാഗത മന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയുള്ള ഗഹ്ലോട്ടിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. അതിനിടെ കൈലാഷ് ഗഹ്ലോട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനയും വൃത്തങ്ങള്‍ നല്‍കുന്നു. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുൾപ്പെടെ ഡൽഹി സർക്കാരിലെ പ്രധാന പോർട്ട്‌ഫോളിയോകളുടെ ചുമതലയായിരുന്നു ഗഹ്‌ലോട്ടിന്.
പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ അഭിസംബോധന ചെയ്ത തൻ്റെ രാജിക്കത്തിൽ, എഎപി ഉള്ളിൽ നിന്ന് നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങൾ മറികടന്നു, നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ യമുന നദി മുമ്പത്തെക്കാളും മലിനമായിരിക്കുന്നു' അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിൻ്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാൻ ബിജെപി ഉപയോഗിക്കുന്ന പദമായ "ശീഷ്മഹൽ" പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങളെ അദ്ദേഹം പരാമർശിച്ചു. ഇത്തരം വിവാദങ്ങള്‍ ആം ആദ്മിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നു- ഗഹ്ലോട്ട് പറഞ്ഞു.
ആം ആദ്മി പാർട്ടി സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി പോരാടുകയാണെന്നും ഇത് ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ പോലും നൽകാനുള്ള ഞങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചെന്നും ഗഹ്ലോട്ട് പറഞ്ഞു. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാൽ ഡൽഹിക്ക് യഥാർഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഞാൻ എൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്, അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്, ആം ആദ്മി പാർട്ടിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ല. അതിനാൽ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. - അദ്ദേഹം രാജിക്കത്തില്‍ എഴുതി.