INDIA

കോൺഗ്രസിനെ 'വെട്ടി'യോ കമൽ നാഥും മകനും? സമൂഹമാധ്യമങ്ങളിലെ ബയോയിൽനിന്ന് പാർട്ടിയുടെ പേരുകളഞ്ഞ് നകുൽ നാഥ്

കമൽ നാഥ് ബിജെപിയോടടുക്കുകയാണെന്ന വിവരങ്ങൾ ശരി വയ്ക്കുകയാണോ ഈ നീക്കമെന്ന സംശയങ്ങളാണ് ഉയരുന്നത്

വെബ് ഡെസ്ക്

കോൺഗ്രസ് തലപ്പത്ത് വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യത. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽ നാഥിന്റെ മകൻ നകുൽ നാഥ് തന്റെ സമൂഹമാധ്യമങ്ങളിലെ ബയോയിൽനിന്ന് കോൺഗ്രസ് എന്നെഴുതിയത് എടുത്ത് മാറ്റിയതോടെ വീണ്ടും ഒരു പ്രധാനനേതാവ് കോൺഗ്രസ് വിടുകയാണോയെന്ന സംശയമാണ് ഉയരുന്നത്.

കോൺഗ്രസിൽ നേതാക്കൾ അതൃപ്തരാണെന്ന മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വിഡി ശർമയുടെ പ്രസ്താവന പുറത്തുവന്നതിന്റെ അടുത്ത ദിവസമാണ് കമൽ നാഥിന്റെ മകൻ തന്റെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ ബയോ തിരുത്തിയത്. കമൽ നാഥ് ബിജെപിയോടടുക്കുകയാണെന്ന വിവരങ്ങൾ ശരിവെക്കുകയാണോ ഈ നീക്കമെന്ന സംശയങ്ങളാണുയരുന്നത്.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടിരുന്നു. മുൻ എംഎൽഎ ദിനേശ് അഹിർവാറും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിദിഷ രാകേഷ് കത്താരെയും ഫെബ്രുവരി 12നാണ് ബിജെപിയിൽ ചേർന്നത്.

അയോധ്യ പ്രാണപ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചതിൽ അതൃപ്തരായ മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ ബിജെപിയുടെ വാതിൽ തുറന്നു കിടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. "ഇന്നത്തെ അന്തരീക്ഷത്തിൽ ശ്രീരാമനെ ബഹിഷ്കരിച്ച കോൺഗ്രസിന്റെ തീരുമാനത്തിൽ നേതാക്കൾ അതൃപ്തരാണ് രാമൻ ഇന്ത്യയുടെ ആത്മാവാണ്. കോൺഗ്രസ് രാമനെ അവഹേളിച്ചു. അതിൽ വേദനിച്ച ആളുകൾക്ക് മറ്റൊരവസരം ലഭിക്കണം, നിങ്ങൾ പറയുന്ന വ്യക്തികളും ഇതുപോലെ വേദനിക്കുന്നവരാണെങ്കിൽ അവർക്കും ബിജെപിയിലേക്ക് സ്വാഗതം," വി ഡി ശർമ പറഞ്ഞു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കമൽ നാഥ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽനിന്ന് അകലം പാലിച്ചിരുന്നു. ബിജെപിയിൽനിന്ന് വ്യത്യസ്തമായി ഹിന്ദുത്വ സമീപനം മാറ്റി നിർത്തി ഒബിസി സംവരണമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ട് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടിലേക്ക് കോൺഗ്രസ് കടന്നപ്പോഴും കമൽ നാഥ് മൃദുഹിന്ദുത്വ നിലപാടുകളിൽ തന്നെ ഉറച്ചുനിന്നു. രാമക്ഷേത്രം ബിജെപിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും തങ്ങളുടെ നേതാവായ രാജീവ് ഗാന്ധിയാണ് ക്ഷേത്രം തുറന്നുനൽകിയതെന്നും തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ തന്നെ കമൽ നാഥ് പറഞ്ഞിരുന്നു.

കോൺഗ്രസിന് മധ്യപ്രദേശിൽനിന്നുള്ള ഏക ലോക്സഭാ അംഗമാണ് കമൽ നാഥിന്റെ മകൻ നകുൽ നാഥ്. ചിന്ദ്വാരയിൽ ഇത്തവണയും താൻ തന്നെയാണ് മത്സരിക്കാൻ പോകുന്നതെന്ന് പാർട്ടി പരസ്യമായി പറയുന്നതിനു മുമ്പ് നകുൽ നാഥ് പ്രഖ്യാപിച്ചിരുന്നു. "കമൽ നാഥാണോ നകുൽ നാഥാണോ ഇത്തവണ മത്സരിക്കുക എന്ന സംശയം ആളുകൾക്കുണ്ട്, സംശയത്തിന്റെ ആവശ്യമില്ല ഞാൻ തന്നെയാണ് നിങ്ങളുടെ സ്ഥാനാർഥി," എന്ന് ഒരു പൊതുയോഗത്തിൽ വച്ചാണ് നകുൽ നാഥ് പ്രഖ്യാപിച്ചത്.

ചിന്ദ്വാര കമൽ നാഥ് വർഷങ്ങളോളം കയ്യടക്കി വച്ച മണ്ഡലമായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബാക്കി 28 സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ഈ മണ്ഡലത്തിൽ മാത്രം നകുൽ നാഥ് വിജയിക്കുകയായിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി