INDIA

വിവാഹേതര ബന്ധം ആരോപിച്ച് സ്ത്രീക്കും പുരുഷനും നാട്ടുകൂട്ടത്തിന്റെ മർദനം; തൃണമൂലിന്റേത് താലിബാന്‍ ഭരണമെന്ന് പ്രതിപക്ഷം

ആക്രമണം താലിബാൻ കോടതിയെ ഓർമിപ്പിക്കുന്നതാണെന്നും തൃണമൂൽ മുന്നോട്ടുവെക്കുന്ന നീതി ഇതാണെന്നും പ്രതിപക്ഷ കക്ഷികളായ ബിജെപിയും സിപിഎമ്മും

വെബ് ഡെസ്ക്

വിവാഹേതര ബന്ധം ആരോപിച്ച് 'കങ്കാരു കോടതി' (നാട്ടുകൂട്ടം) നിർദേശത്തെത്തുടർന്ന് സ്ത്രീയെയും പുരുഷനെയും പരസ്യമായി ക്രൂരമായി മർദിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്. പശ്ചിമബംഗാളിലെ ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ലഖിപൂർ പഞ്ചായത്തിലെ സാലിഷി സഭ അഥവാ നാട്ടുകോടതിയാണ് സ്ത്രീയെയും പുരുഷനെയും ക്രൂരമായി മർദ്ദിച്ചത്.

മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആക്രമണം താലിബാൻ കോടതിയെ ഓർമിപ്പിക്കുന്നതാണെന്നും തൃണമൂൽ മുന്നോട്ടുവെക്കുന്ന നീതി ഇതാണെന്നും പ്രതിപക്ഷ കക്ഷികളായ ബിജെപിയും സിപിഎമ്മും കുറ്റപ്പെടുത്തി.

സ്ത്രീയെയും പുരുഷനെയും നാട്ടുകൂട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുവരികയും പ്രാദേശിക തൃണമൂൽ നേതാവായ തജിമുൾ ഇസ്ലാമിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താജിമുൾ ഇസ്ലാമിനെ ഇസ്ലാംപൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സ്വമേധയായാണ് കേസെടുത്തതെന്നും മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഇസ്ലാംപൂർ എസ്‌പി ജോബി തോമസ് കെ പറഞ്ഞു.

സംഭവത്തിൽ പോലീസ് നടപടിയെടുത്തില്ലെന്ന് തെറ്റായ പ്രചാരണം നടത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എസ് പി പറഞ്ഞു. ''സ്ത്രീയെ പരസ്യമായി ആക്രമിച്ച ഒരാളെ പോലീസ് ഉടൻ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഇരയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു,'' എസ് പി പറഞ്ഞു.

മഞ്ഞ കുർത്ത ധരിച്ച സ്ത്രീയെയും ഷർട്ടും ട്രൗസറും ധരിച്ച പുരുഷനെയും ആൾകൂട്ടം വളയുന്നതും ചൂലുകൊണ്ടും വടികൊണ്ടും അടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. തൃണമൂൽ നേതാവായ താജിമുൽ ഇസ്ലാമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം. പ്രദേശത്തെ സാലിഷി സഭ എന്നറിയപ്പെടുന്ന നാട്ടുകൂട്ടം പ്രാദേശിക പ്രൈമറി സ്‌കൂളിന്റെ ഗ്രൗണ്ടിൽ വെച്ചാണ് സ്ത്രിയെും പുരുഷനെയും ആക്രമിച്ചത്. ഇരുന്നൂറോളം പേർ നാട്ടുകൂട്ടത്തിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അക്രമണത്തിന് ഇരയായവർ പോലീസിനെ സമീപിച്ചിരുന്നില്ല.

ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ടതോടെയാണ് ബിജെപിയും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലെ ഏറ്റവും പുതിയ സംഭവമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബംഗാളിൽ താലിബാൻ ഭരണം പോലെയുള്ള അവസ്ഥയാണെന്നും തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകൾ പുരുഷനെയും സ്ത്രീയെയും നിഷ്‌കരുണം മർദ്ദിച്ചത് ഭയാനകമാണെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാർ ആരോപിച്ചു.

സിപിഎം നേതാവ് മുഹമ്മദ് സലിമും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ''കങ്കാരു കോടതിയെന്നു പോലും പറയാൻ സാധിക്കില്ല. തൃണമൂൽ കോൺഗ്രസ് ഗുണ്ടയാണ് ആക്രമണം നടത്തിയത്. മമതയുടെ ഭരണത്തിനു കീഴിലുൽ ചോപ്രയിൽ അക്ഷരാർത്ഥത്തിൽ ബുൾഡോസർ നീതിയാണ് നടപ്പാവുന്നത്,'' മുഹമ്മദ് സലിം പറഞ്ഞു.

അതേസമയം, സ്ത്രീയും പുരുഷനും വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നും പ്രദേശത്തെ ജനങ്ങൾക്ക് ഇത് അംഗീകരിക്കാനായില്ലെന്നും അതുകൊണ്ടാണ് സലീഷി സഭ ചേർന്നതെന്നും ടിഎംസി ജില്ലാ പ്രസിഡന്റ് കനൈലാൽ അഗർവാൾ പറഞ്ഞു. താജിമുൾ ചെയ്തതിനെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനായ വ്യക്തിക്ക് പാർട്ടിയിൽ പ്രത്യേക പദവികൾ ഒന്നുമില്ലെന്നും പ്രദേശത്തെ എല്ലാവരും തൃണമൂൽ പ്രവർത്തകരാണെന്നും സംഭവം നടന്ന ചോപ്രയിലെ എല്ലാവരും തൃണമൂൽ പ്രവർത്തകർ ആണെന്നും സ്ഥലം എംഎൽഎയും തൃണമൂൽ നേതാവുമായ ഹമീദുൽ റഹ്‌മാൻ പറഞ്ഞു.

ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലകൊള്ളുകും തോന്നുംപടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് 'കങ്കാരു കോടതി' എന്നു വിളിക്കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം