കന്നഡ നടനും ദളിത്-ആദിവാസി പ്രവർത്തകനുമായ ചേതൻ കുമാർ എന്ന ചേതൻ അഹിംസ ബെംഗളുരുവിൽ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുകയും ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഇടപെട്ടുവെന്ന പരാതിയിൽ ശേഷാദ്രിപുര പൊലീസാണ് ചേതനെ അറസ്റ്റ് ചെയ്തത്. ചേതനെ ബെംഗളൂരു സിറ്റി സിവിൽ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മാർച്ച് 20നു ചേതൻ ട്വീറ്റ് ചെയ്ത വിഷയമാണ് അറസ്റ്റിലേക്ക് നയിച്ച കേസിനാധാരം. ഹിന്ദുത്വ എന്ന ആശയം നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയതാണെന്നായിരുന്നു ട്വീറ്റ്. സവർക്കർ, ബാബരി മസ്ജിദ്, ടിപ്പു സുൽത്താൻ എന്നീ വിഷയങ്ങളിൽ ഹിന്ദുത്വ പ്രചരണങ്ങളെക്കുറിച്ചായിരുന്നു ചേതന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ ബജ്‌രംഗ് ദൾ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
നേരത്തെയും സമാന സംഭവത്തിൽ ചേതൻ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതിയിൽ ഹിജാബ് ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ ട്വീറ്റ് ചെയ്തതിനെതിരെ ആയിരുന്നു അന്നത്തെ കേസ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും അറസ്റ്റിലായത്. കേസിൽ ചേതന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബജ്‌രംഗ് ദൾ അറിയിച്ചു.