പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമ തകർക്കാന്‍ ആഹ്വാനം ചെയ്ത സിനിമ സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പെരിയാറിന്റെ പ്രതിമ തകർക്കാനായിരുന്നു കനല്‍ കണ്ണന്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.
ഹിന്ദു മുന്നണിയുടെ കലാ-സാംസ്കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍
ഹിന്ദു മുന്നണിയുടെ കലാ-സാംസ്കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. കഴിഞ്ഞ മാസം നടന്ന പൊതുപരിപാടിക്കിടെയാണ് കണ്ണന്‍ വിവാദ പരാമർശം നടത്തിയത്. 'ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികളാണ് ശ്രീരംഗനാഥർ ക്ഷേത്രത്തില്‍ ദിവസവും ആരാധനയ്ക്കെത്തുന്നത്. എന്നാല്‍, ക്ഷേത്രത്തിന് എതിർവശത്തായി ദൈവമില്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. ആ പ്രതിമ തകർക്കുന്ന ദിവസം ഹിന്ദുക്കള്‍ക്ക് ഉയർച്ചയുണ്ടാകും' എന്നായിരുന്നു കനല്‍ കണ്ണന്റെ വാക്കുകള്‍. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിഷയം നിയമ നടപടികളിലേക്ക് നീണ്ടതോടെ കനല്‍ കണ്ണന്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച അപേക്ഷ തള്ളി. ഇതോടെയാണ് ഞായറാഴ്ച കണ്ണനെ പുതുച്ചേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ പ്രവർത്തിച്ച സംഘട്ടന സംവിധായകനാണ് കനല്‍ കണ്ണന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.