INDIA

കാൻവട് യാത്ര: ഹരിദ്വാറിലെ പള്ളികളും ദർഗകളും ഷീറ്റുകളുപയോഗിച്ച് മറച്ചു; 'അബദ്ധ'മെന്ന് പോലീസ്

വെബ് ഡെസ്ക്

കാൻവട് യാത്ര കടന്നുപോകുന്ന ഹരിദ്വാറിലെ വഴികളിലുണ്ടായിരുന്ന രണ്ട് പള്ളികളും ഒരു ദർഗയും വെള്ള ഷീറ്റുകള്‍ക്കൊണ്ട് മറച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പോലീസ്. വെള്ളിയാഴ്‌ച സ്ഥാപിച്ച ഷീറ്റുകള്‍ വൈകുന്നേരത്തോടെയാണ് ജില്ലാഭരണകൂടം നീക്കിയത്. ശേഷമായിരുന്നു പോലീസിന്റെ വിശദീകരണം.

പള്ളികൾ ഷീറ്റുകള്‍ ഉപയോഗിച്ച് മറയ്ക്കാൻ ഉത്തരവിട്ടിരുന്നില്ലെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. കാൻവട് യാത്രയുടെ സുഖകരമായ മുന്നോട്ട് പോക്കിനാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു ഹരിദ്വാർ ജില്ലയുടെ ചുമതലയുള്ള മന്ത്രി സത്പാല്‍ മഹാരാജ് പറയുന്നത്.

മോസ്കുകളും മസറും നിലനില്‍ക്കുന്ന ഹരിദ്വാറിലെ ജ്വല്‍പൂർ ഭാഗത്തിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഇത് ആദ്യമായാണ് ഇത്തൊരു സംഭവം നടക്കുന്നത്.

"കാൻവാട് യാത്ര സുഖകരമായി മുന്നോട്ട് പോകണമെന്ന തീരുമാനത്തിലാണ് നടപടി സ്വീകരിച്ചത്. ഏത് തരത്തിലുള്ള കെട്ടിടമാണെങ്കിലും മറയ്ക്കുമായിരുന്നു. ഇത് ഇവിടെ നടപ്പിലാക്കി, ആളുകളുടെ പ്രതികരണം പരിശോധിക്കും, വിശദമായ പഠനം നടത്തും," സത്പാല്‍ പറയുന്നു.

മോസ്കുകളും മസറും മറയ്ക്കുക എന്ന നിർദേശം ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഹരിദ്വാർ സിറ്റി എസ്‌പി സ്വതന്ത്ര കുമാർ വ്യക്തമാക്കി.

"ഷീറ്റ് സ്ഥാപിച്ചവരുമായി ബന്ധപ്പെടുകയും അത് നീക്കം ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. യാത്രാവഴിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഷീറ്റുകള്‍ സ്ഥാപിച്ചതില്‍ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടാകണം. മനപൂർവം സംഭവിച്ച ഒന്നല്ല," കുമാർ കൂട്ടിച്ചേർത്തു.

നേരത്തെ കാൻവട് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന വിവരം ഭക്ഷണശാലകൾ പ്രദർശിപ്പിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

യുപിയിലെ മുസഫർനഗർ പോലീസാണ് കാൻവട് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. അതുപ്രകാരം, ഓരോ ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. ഇതിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. 

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും