INDIA

കാന്‍വട് യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഡൽഹി സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. അപൂർവാനന്ദും എഴുത്തുകാരൻ ആകാർ പട്ടേലുമാണ് കോടതിയെ സമീപിച്ചത്

വെബ് ഡെസ്ക്

കാന്‍വട് യാത്രയുടെ പേരില്‍ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സർക്കാരുകളുടെ സുപ്രീം കോടയില്‍ പരാതി. കാന്‍വാട് യാത്ര കടന്നുപോകുന്ന വഴിയിലുള്ള ഹോട്ടലുകൾക്കു മുന്നിൽ ഉടമയുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. അപൂർവാനന്ദും എഴുത്തുകാരൻ ആകാർ പട്ടേലുമാണ് കോടതിയെ സമീപിച്ചത്.

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ഉത്തരാഖണ്ഡിലെ പുഷ്കര്‍ സിങ് ധാമി സര്‍ക്കാരും പുറപ്പെടുവിച്ച ഉത്തവിനെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തുന്നത്. ഹൈന്ദവാചാരപ്രകാരമുള്ള കാൻവട് യാത്രയുടെ ഭാഗമായി യാത്ര കടന്നു പോകുന്ന കാൻവട് മാർഗിലെ ഹോട്ടലുടമകളുടെ പേരുവിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം എന്നായിരുന്നു വിവാദ ഉത്തരവിലെ പ്രധാന നിർദേശം . അതോടൊപ്പം യാത്ര കടന്നുപോകുന്ന ഭാഗത്ത് ഹലാൽ ഭക്ഷണം വിൽക്കാൻ പാടില്ല എന്നുമായിരുന്നു മുന്നറിയിപ്പ്. മുസ്ലിം വിഭാഗത്തിലുള്ളവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ പ്രത്യേകം മനസിലാക്കുന്നതിനാണ് ഇത്തരത്തിൽ പേരുവിവരങ്ങൾ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു ഉത്തരവിന് എതിരായ പ്രധാനവിമർശനം.

ഉത്തരവിന് എതിരെ എൻഡിഎ ഘടകകക്ഷികളിൽനിന്നു തന്നെ ശബ്ദം ഉയര്‍ന്നിരുന്നു. "തിരക്ക് പിടിച്ചെടുത്ത തീരുമാനം" എന്നാണ് പേരുവിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനെ എതിർത്ത് ആർഎൽഡി നേതാവും കേന്ദ്രമന്ത്രിയുമായ ജയന്ത് ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം ബിജെപി അനുകൂല മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. സമുദായത്തിലുള്ളവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് ശനിയാഴ്ച ചേർന്ന യോഗത്തിൽ പറഞ്ഞത്.

പുതിയ നിർദേശമനുസരിച്ച്, ഓരോ ഭക്ഷണശാലയും പെട്ടിക്കടക്കാരും ഉടമയുടെ പേര് ഒരു ബോർഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്ററൻ്റിൽനിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന, നോമ്പെടുക്കുന്ന ഹിന്ദുക്കൾക്ക് വേണ്ടിയാണ് ഇത്തരമൊരു നടപടി എന്നാണ് ബിജെപിയുടെ വാദം. വ്യാഴാഴ്ചത്തെ മുസഫർനഗർ പോലീസിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു ബിജെപി ഇത്തരമൊരു ന്യായീകരണവുമായി രംഗത്തെത്തിയത്. ജൂലൈ 22നാണ് യാത്ര ആരംഭിക്കുന്നത്.

കാൻവട് യാത്ര കടന്നുപോകുന്ന പടിഞ്ഞാറൻ യുപി ബെൽറ്റിലുടനീളം, ജനസംഖ്യയുടെ 30-40 ശതമാനം മുസ്ലിങ്ങളാണ് താമസിക്കുന്നത്. തീർഥാടകർ കൊണ്ടുപോകുന്ന കൻവാടുകൾ (ജലം നിറച്ച കണ്ടൈനറുകൾ) നിർമിക്കുന്നതിലും യാത്രക്കാർക്ക് ഭക്ഷണം ക്രമീകരിക്കുന്നതിലും സാധാരണയായി മുസ്ലിംങ്ങളും ഉൾപ്പെടാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് പോലീസിന്റെ വിവാദ ഉത്തരവുമായി രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ