INDIA

ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ അനുമതി പിൻവലിക്കാൻ കർണാടക സർക്കാർ; ആയുധമാക്കി പ്രതിപക്ഷം

കേസ് രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ്, നിയമവശങ്ങൾ പരിശോധിച്ചാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി

ദ ഫോർത്ത് - ബെംഗളൂരു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ സി ബി ഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കാൻ തീരുമാനിച്ച് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ. ബി എസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്താണ് സി ബി ഐ അന്വേഷണത്തിന് അനുമതി നൽകിയത്. ഇത് പിൻവലിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്നോട്ടുവച്ച നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

കേസ് കർണാടക ആഭ്യന്തര വകുപ്പോ ലോകായുക്തയോ കേസ് തുടർന്നന്വേഷിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

2017 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്നാണ് ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹിയിലും ബംഗളുരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. 2013 - 2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇ ഡി യുടെ കണ്ടെത്തൽ.

ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജെപി സർക്കാർ പിന്നീട് കേസ് സിബിഐക്ക് വിടുകയായിരുന്നു. സി ബി ഐ അന്വേഷണം 90 ശതമാനം പൂർത്തിയായ സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാർ കേസ് പിൻവലിക്കാനുള്ള നീക്കം നടത്തിയിരിക്കുന്നത്.

സർക്കാർ തീരുമാനത്തിനെതിരെ കർണാടകയിലെ പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. കേസ് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ശിവകുമാർ നിയമപരമായ അന്വേഷണം നേരിട്ട് നിരപരാധിത്വം തെളിയിക്കണമെന്നും ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു.

ശിവകുമാർ ജയിലിൽ കിടക്കുമെന്നുറപ്പായതോടെയാണ് കോൺഗ്രസ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ പ്രതികരിച്ചു.

കൊള്ളക്കാരെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ജെ ഡി എസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയോട് കോൺഗ്രസിന് തെല്ലും ബഹുമാനമില്ല. എന്തും വിലക്ക് വാങ്ങാമെന്ന അഹങ്കാരമാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ശിവകുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഡി കെ ശിവകുമാറിനെതിരായ കേസ് നിയമപ്രകാരമല്ല യെദ്യൂരപ്പ സർക്കാർ സി ബി ഐക്ക് വിട്ടതെന്ന നിലപാടിലാണ് മന്ത്രിസഭാ തീരുമാനം. നിയമവശങ്ങൾ പരിശോധിച്ചാണ് കേസ് പിൻവലിക്കാനുള്ള തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.

കേസ് പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ട മന്ത്രി സഭാ യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.

Karnataka cabinet decides to withdraw sanction for CBI probe against DK Shivakumar in assets case

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ