INDIA

ഡികെ പ്രിയപ്പെട്ടവന്‍, എന്നിട്ടും മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതിന് പിന്നിലെന്ത്?

റെക്കോര്‍ഡ് സീറ്റുമായി ഭരണം തിരിച്ചുപിടിച്ചു കൊടുത്തിട്ടും എന്തുകൊണ്ടാണ് കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിക്കസേര അന്യമാകുന്നത്?

എ പി നദീറ

ഇന്നലെ വരെ തോളില്‍ കയ്യിട്ടും തമാശപറഞ്ഞും നടന്ന രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ ബദ്ധവൈരികളായതുകണ്ട് അമ്പരപ്പിലാണ് കര്‍ണാടക ജനതയും കോണ്‍ഗ്രസ് വിജയത്തെ ഗൗരവത്തോടെ സമീപിച്ചവരും. ലഭിക്കുന്ന സൂചനകള്‍ പ്രകാരം അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും മുഖ്യമന്ത്രി കസേരയില്‍ സിദ്ധരാമയ്യയെ കുടിയിരുത്താനുള്ള കൂടിയാലോചനയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. റെക്കോര്‍ഡ് സീറ്റുമായി ഭരണം തിരിച്ചുപിടിച്ചു കൊടുത്തിട്ടും എന്തുകൊണ്ടാണ് കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിക്കസേര അന്യമാകുന്നത്?

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ലോക്സഭ സീറ്റുള്ള (28) കര്‍ണാടകയില്‍നിന്ന് ഇത്തവണ 25 സീറ്റെങ്കിലും പ്രതീക്ഷിക്കുകയാണ് ഹൈക്കമാന്‍ഡ്

ശിവകുമാറിനോട് പ്രത്യേകിച്ചൊരു വിരോധവും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കില്ല. അവരെ സംബന്ധിച്ചിടത്തോളം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് മുഖ്യം. 10 വര്‍ഷമായി കേന്ദ്രത്തിലെ അധികാരകസേരയില്‍നിന്ന് കോണ്‍ഗ്രസ് നിഷ്‌കാസിതരായിട്ട്. 2024ലെ തിരഞ്ഞെടുപ്പിലെങ്കിലും അധികാരം തിരിച്ചുപിടിച്ചില്ലെങ്കില്‍ കേന്ദ്രഭരണം കോണ്‍ഗ്രസിന് പിന്നീടൊരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്ത വിധം അകലയാകും.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ലോക്സഭ സീറ്റുള്ള (28) കര്‍ണാടകയില്‍നിന്ന് ഇത്തവണ 25 സീറ്റെങ്കിലും പ്രതീക്ഷിക്കുകയാണ് ഹൈകമാന്‍ഡ്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നോട്ടമിട്ട ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി പദമേറുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കരുനീക്കം തുടങ്ങാനുള്ള സാധ്യത കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ഏതൊരു നീക്കവും പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കും. ഇതൊഴിവാക്കി, ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ദേശീയനേതൃത്വം ശ്രമിക്കുന്നത്. ഇതിന് ഏറ്റവും ഗുണകരം കേസുകളോ ആരോപണങ്ങളോ നിലവില്‍ നേരിടാത്ത സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയിലിരിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.

സിദ്ധരാമയ്യക്ക് ആദ്യ അവസരം നല്‍കി മുഖ്യമന്ത്രി പദവി തുല്യ വര്‍ഷങ്ങളായി വീതിച്ചെടുക്കുകയെ ന്നതാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല. എന്നാല്‍ രണ്ടര വര്‍ഷം സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കുന്നതിനോട് ഡി കെ പക്ഷം യോജിക്കുന്നില്ല. ആദ്യ അവസരം സിദ്ധരാമയ്യക്ക് നല്‍കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കസേര ഒഴിഞ്ഞുതരണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. ഇതാകട്ടെ സിദ്ധരാമയ്യ പക്ഷത്തിന് സ്വീകാര്യവുമല്ല. ഹൈകമാന്‍ഡിനെ സംബന്ധിച്ചിടത്തോളം സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും തട്ട് ഒരുപോലെയാണ്. രണ്ടു പേരും വേണ്ടപ്പെട്ടവര്‍. ഒരാള്‍ മികച്ച ഭരണാധികാരിയെങ്കില്‍ മറ്റൊരാള്‍ മികച്ച സംഘാടകന്‍.

2006 ല്‍ ജെഡിഎസില്‍നിന്ന് നിഷ്‌കാസിതനായാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് പതാകയേന്തുന്നത്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹത്തിന്റെ ജനപ്രീതി ഏറിയിട്ടേയുള്ളൂ കന്നഡ നാട്ടില്‍. ബി ജെ പിയില്‍ ബി എസ് യെദ്യൂരപ്പ കലാപക്കൊടി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ സ്വന്തമാക്കിയായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്. അഞ്ചു വര്‍ഷം കാലാവധി തികച്ച് സിദ്ധരാമയ്യ നല്ല ഭരണാധികാരിയെന്ന പേരെടുത്തു. അന്നഭാഗ്യ, ഇന്ദിര കാന്റീന്‍ പോലുള്ള സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ പരിഗണിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. കുറുബ സമുദായം മാത്രമല്ല ദളിത്-പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളൊന്നാകെ സിദ്ധരാമയ്യയെയാണ് നേതാവായി കാണുന്നത്.

സംഘടനാപരമായി നോക്കിയാല്‍ പക്ഷെ സിദ്ധരാമയ്യ ഒട്ടും ശക്തനല്ല. പാര്‍ട്ടിയെ നയിക്കാനോ പാര്‍ട്ടിയെ അധികാരത്തിലേറ്റാനോ കഴിഞ്ഞില്ലെന്നതാണ് കുറവായി കാണുന്നത്. കോണ്‍ഗ്രസിലെ പാര്‍ട്ടിയിലെ ചിലര്‍ക്കെങ്കിലും സിദ്ധരാമയ്യ ഇപ്പോഴും 'വരുത്തന്‍' ആണ്. ആ ഒരു അടുപ്പക്കുറവ് സിദ്ധരാമയ്യക്ക് തിരിച്ചുമുണ്ട്. പാര്‍ട്ടിയില്‍ വന്നിട്ട് 17 വര്‍ഷമേ ആയുള്ളൂ. ഗാന്ധി കുടുംബത്തില്‍ അടുപ്പം രാഹുലിനോടാണ്.

ഡി കെ ശിവകുമാര്‍ 30 വര്‍ഷത്തോളമായി പാര്‍ട്ടിക്കുവേണ്ടി മുന്നണിയിലുണ്ട്. അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഭരണതന്ത്രജ്ഞതയാണ് സിദ്ധരാമയ്യയുടെ കൈമുതലെങ്കില്‍ സംഘടനാ പാടവവും ക്രൈസിസ് മാനേജ്‌മെന്റുമാണ് ഡി കെയുടെ കരുത്ത്. കര്‍ണാടകയിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായക്കാരനാണെങ്കിലും ലിംഗായത്തിലെ ഉപവിഭാഗമായ വീരശൈവ ലിംഗായത്തുകളുടെ പിന്തുണയും ഡി കെ സ്വന്തമാക്കിയിട്ടുണ്ട്. ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ള ശിവകുമാര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നത് സോണിയാ ഗാന്ധിയുമായാണ്.

കോണ്‍ഗ്രസിലെ പാര്‍ട്ടിയിലെ ചിലര്‍ക്കെങ്കിലും സിദ്ധരാമയ്യ ഇപ്പോഴും 'വരുത്തന്‍' ആണ്. ആ ഒരു അടുപ്പക്കുറവ് സിദ്ധരാമയ്യക്ക് തിരിച്ചുമുണ്ട്.

എന്നാല്‍ പ്രതിച്ഛായയുടെ കാര്യം വരുമ്പോള്‍ സാമ്പത്തിക ക്രമക്കേട് കേസുകള്‍ ഡികെയെ സിദ്ധരാമയ്യയുടെ പുറകില്‍ നിര്‍ത്തുകയാണ്. എന്ത് വിലകൊടുത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കച്ചമുറുക്കുന്ന കോണ്‍ഗ്രസിന് പ്രതിച്ഛായ വലിയ പരിഗണനാ വിഷയമാകുന്ന സമയമാണ്. അതുകൊണ്ടു തന്നെ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിക്കസേര വലിച്ചിട്ടുകൊടുക്കാതെ വേറെ വഴിയില്ല കോണ്‍ഗ്രസിന് മുന്നില്‍. ഡി കെ ശിവകുമാറിനെ പിണക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്ന് ഹൈക്കമാന്‍ഡിന് നല്ല നിശ്ചയമുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം