INDIA

'ഭൂമി തിരിച്ചു നല്‍കാം, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്'; ഭൂമി കുംഭകോണ കേസില്‍ മുഡയ്ക്ക് കത്തയച്ച് സിദ്ധരാമയ്യുടെ ഭാര്യ പാര്‍വതി

വെബ് ഡെസ്ക്

മുഡ ഭൂമികുംഭകോണ കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡ (മെസൂരു അര്‍ഹന്‍ ഡവലപ്‌മെന്‌റ് അതോറിറ്റി)യ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് കത്തയച്ചത്. ഭൂമികുംഭകോണ കേസില്‍ ഇഡി കേസെടുത്ത സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും.

തന്‌റെ മനസാക്ഷി പറയുന്നത് അനുസരിക്കുകയാണെന്ന് പാര്‍വതി പ്രസ്താവനയില്‍ പറഞ്ഞു. ' ഈ പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതിനൊപ്പം മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു' പാര്‍വതി പറഞ്ഞു. ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്.

കെസരെ വില്ലേജിലെ 3.16 ഏക്കര്‍ ഭൂമി ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി വിജയനഗര്‍ ഫേസ് 3, 4 എന്നിവിടങ്ങളില്‍ തനിക്ക് അനുവദിച്ച 14 പ്ലോട്ടുകള്‍ തിരികെ നല്‍കാമെന്ന് മുഡയ്ക്ക് അയച്ച കത്തില്‍ പാര്‍വതി പറയുന്നു. പ്ലോട്ടുകളുടെ കൈവശാവകാശവും ഞാന്‍ മുഡയ്ക്ക് കൈമാറുകയാണ്. എത്രയും വേഗം ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

'ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം? ആരോപണം ഉയര്‍ന്ന ദിവസംതന്നെ ഞാന്‍ ഈ തീരുമാനം എടുത്തു. എന്നാല്‍ മുഡ പ്ലോട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍, ഈ അനീതിക്കെതിരെ പോരാടണമെന്നും അവരുടെ പദ്ധതികളില്‍ വീഴരുതെന്നും ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതുകൊണ്ടാണ് പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതില്‍നിന്ന് ഞാന്‍ ആദ്യം പിന്‍മാറിയത്' അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'എന്‌റെ ഭര്‍ത്താവ്, സിദ്ധരാമയ്യ, സംസ്ഥാന മുഖ്യമന്ത്രി, തന്‌റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലുടനീളം കര്‍ശനമായ ധാര്‍മിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്, എല്ലാ കളങ്കങ്ങളില്‍നിന്നും സ്വതന്ത്രനാണ്...എന്‌റെ ഭര്‍ത്താവിന്‌റെ ആദരം, അന്തസ്, മനസമാധാനം എന്നിവയെക്കാള്‍ പ്രധാനം എനിക്ക് വീടോ പ്ലോട്ടോ സമ്പത്തോ അല്ല. ഇത്രയും വര്‍ഷം അധികാരത്തിലിരുന്നിട്ടും എനിക്കോ എന്‌റെ കുടുംബത്തിനോ വേണ്ടി വ്യക്തിപരമായ നേട്ടങ്ങളൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല...ഈ വിഷയത്തില്‍ എന്‌റെ ഭര്‍ത്താവിന്‌റെ അഭിപ്രായം എനിക്ക് അറിയില്ല, എന്‌റെ മകനോ മറ്റ് കുടുംബാംഗങ്ങളോ എന്ത് ചിന്തിക്കുമെന്നും ഞാന്‍ ആശങ്കപ്പെടുന്നില്ല' പാര്‍വതി പറഞ്ഞു.

'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോടും മാധ്യമങ്ങളോടും ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി രാഷ്ട്രീയ കുടുംബങ്ങളിലെ സ്ത്രീകളെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ അവരെ ഉള്‍പ്പെടുത്തി അന്തസും ബഹുമാനവും ഹനിക്കരുത്' അവര്‍ പറഞ്ഞു.

സെപ്തംബര്‍ 27ന് ലോകായുക്ത രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും പുറമേ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു തുടങ്ങിയവരുടെ പേരുകളുമുണ്ട്.

മുഡ കേസില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ടി ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ് കുമാര്‍ എസ് പി എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂലൈയില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ, ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിലെ സെക്ഷന്‍ 218 എന്നിവ പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കുന്നതിനെ സിദ്ധരാമയ്യ ചോദ്യം ചെയ്തിരുന്നു.

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

വനിതാ ടി20 ലോകകപ്പ്: പാകിസ്താന് ബാറ്റിങ് തകര്‍ച്ച, ഇന്ത്യക്ക് ലക്ഷ്യം 106

ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു

ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്

സ്വര്‍ണക്കടത്ത്: മതവിധി പ്രസ്താവന വിശദീകരിച്ച് കെ ടി ജലീൽ; മുസ്ലിംവിരുദ്ധ നിലപാടെന്ന് വിമർശനം