കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച് എന്‍ഡിഎ സഖ്യം. കര്‍ണാടക നിയമസഭയുടെ ഉപരി സഭയായ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി- ജെഡിഎസ് സഖ്യം നിര്‍ത്തിയ സ്ഥാനാര്‍ഥി തോറ്റത്. കോണ്‍ഗ്രസിന്റെ പി പുട്ടണ്ണ എന്‍ഡിഎ സഖ്യത്തിന്റെ സ്ഥാനാര്‍ഥി എ പി രംഗനാഥിനെതിരെ 1507 വോട്ടുകളുടെ ഭൂരിപക്ഷം ആകെ പോള്‍ ചെയ്ത 16541 വോട്ടുകളില്‍ 8260 വോട്ടുകളാണ് പുട്ടണ്ണയ്ക്കു ലഭിച്ചത്. 6753 വോട്ടുകളാണ് സഖ്യ സ്ഥാനാര്‍ഥിക്കു ലഭിച്ചത്. 1239 വോട്ടുകള്‍ അസാധുവായി. നേരത്തെ ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറിയ ആളാണ് പി പുട്ടണ്ണ. മൂന്നു വര്‍ഷമാണ് ഒരു എംഎല്‍സിയുടെ കാലാവധി.
ബാംഗ്ലൂര്‍ ടീച്ചേര്‍സ് മണ്ഡലത്തിലേക്ക് ഒഴിവു വന്ന സീറ്റില്‍ ഫെബ്രുവരി 16ന് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷക്കാലം അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കാണ് വോട്ടവകാശമുള്ളത്. ബെംഗളൂരു നഗരത്തില്‍ നിന്നുള്ള അധ്യാപകര്‍ വോട്ടര്‍മാരായ തിരഞ്ഞെടുപ്പായതിനാല്‍ എന്‍ഡിഎ മുന്നണിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്.
75 അംഗ ഉപരി സഭയില്‍ 25 അംഗങ്ങളെ എംഎല്‍എ മാരാണ് തിരഞ്ഞെടുക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 25 അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കും. ബാക്കി വരുന്ന ഏഴ് സീറ്റുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്കാണ്. ഏഴ് സീറ്റുകളില്‍ അധ്യാപകര്‍ക്കാണ് വോട്ടവകാശം. അവശേഷിക്കുന്ന 11 സീറ്റുകളില്‍ ഗവര്‍ണര്‍ നാമ നിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ ആകും.
പി പുട്ടണ്ണയുടെ വിജയം ബിജെപി - ജെഡിഎസ് സഖ്യത്തെ പ്രബുദ്ധരായ അധ്യാപകര്‍ തള്ളിയതിന് തെളിവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ പ്രതികരിച്ചു . ഈ സഖ്യത്തെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക ജനത തള്ളിക്കളയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെയായിരുന്നു ജെഡിഎസ് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതും. ബിജെപി ബാന്ധവം അംഗീകരിക്കാനാവാതെ ജെഡിഎസിലെ പ്രമുഖര്‍ പാര്‍ട്ടി വിടുകയും ബാന്ധവത്തെ എതിര്‍ത്തവരെ ജെഡിഎസ് നേതൃത്വം പുറത്താക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ ഇത് കാര്യമായ ചലനം ഉണ്ടാക്കില്ല. നിലവില്‍ 75 ഉപരി സഭയില്‍ ബിജെപി- ജെഡിഎസ് സഖ്യത്തിന് 42 അംഗങ്ങളും ( ബിജെപി- 34 ജെഡിഎസ് - 8) കോണ്‍ഗ്രസിന് 29 അംഗങ്ങളും മാത്രമാണുള്ളത്. ജഗദീഷ് ഷെട്ടാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമം ആകണമെങ്കില്‍ ഉപരി സഭയുടെ അംഗീകാരം കൂടി വാങ്ങണമെന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തില്‍ നിയമസഭയില്‍ 135 അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും ഉപരിസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലുകള്‍ പാസാക്കി എടുക്കല്‍ ശ്രമകരമാണ്. എംഎല്‍എമാര്‍ക്ക് വോട്ടവകാശമുള്ള ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലെ 25 സീറ്റുകളില്‍ അംഗങ്ങളുടെ കാലാവധി കഴിയുന്ന മുറക്കെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടാകൂ.