INDIA

ഭൂമികുംഭകോണക്കേസിൽ സിദ്ധരാമയ്യയ്‍ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ച് കർണാടക ഹൈക്കോടതി

മുഡ ഭൂമിയുടെ മുഴുവന്‍ ഇടപാടിലും സിദ്ധരാമയ്യ തിരശീലയ്ക്ക് പിന്നിലല്ലെന്ന് അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ജസ്റ്റിസം എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് പറഞ്ഞു

വെബ് ഡെസ്ക്

മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്‌റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പു കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയോട് ഉത്തരവിട്ട് കര്‍ണാടകയിലെ പ്രത്യേക കോടതി. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരികളോട് നിര്‍ദേശിച്ചു.

മുഡ കേസില്‍ തനിക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന്‌റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് കോടതിയുടെ നടപടി. മുഡ ഭൂമിയുടെ മുഴുവന്‍ ഇടപാടിലും സിദ്ധരാമയ്യ തിരശീലയ്ക്ക് പിന്നിലല്ലെന്ന് അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് പറഞ്ഞു.

മുഡ കേസില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ടി ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ് കുമാര്‍ എസ് പി എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂലൈയില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ, ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിലെ സെക്ഷന്‍ 218 എന്നിവ പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കുന്നതിനെ സിദ്ധരാമയ്യ ചോദ്യം ചെയ്തിരുന്നു.

മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു പകരമായി ഭൂമി നൽകിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണർക്ക് സിദ്ധരാമയ്യയ്‍ക്കെതിരെ ആരോപണം ഉന്നയിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

പാർവതി നൽകിയ ഭൂമിയിൽ ദേവന്നൂർ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറിൽ അവർക്കു 38,284 ചതുരശ്ര അടി പകരം നൽകി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം