INDIA

കർണാടകയിലെ തോൽവി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്

വെബ് ഡെസ്ക്

കർണാടകയിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ മാതൃകയിൽ മാറ്റം വരുത്താനൊരുങ്ങി ബിജെപി. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ, മധ്യപ്രദേശിൽ മാത്രമാണ് ബിജെപി ഭരണമുള്ളത്.

രാജസ്ഥാനിൽ പണമെറിഞ്ഞ് കൂറുമാറ്റം നടത്തി അവസാനനിമിഷം അട്ടിമറി നടത്താനാണ് നീക്കം. മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ പ്രത്യക്ഷത്തിലുള്ള ഭരണ വിരുദ്ധത വോട്ട് ബാങ്കിനെ സ്വാധീനിക്കുന്ന രീതിയിൽ അനുകൂലമാക്കി പ്രചരിപ്പിക്കാമെന്നാണ് ബിജെപി കരുതുന്നു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവുപോലെ ജാതി സമവാക്യം ഉപയോഗിക്കാൻ തന്നെയാണ് തീരുമാനം. കർണാടകയിൽ ബി എസ് യെദ്യൂരപ്പയെ തലപ്പത്ത് നിന്ന് നീക്കിയതും ജഗദീഷ് ഷെട്ടറിനും ലക്ഷ്മൺ സവദിക്കും ടിക്കറ്റ് നിഷേധിച്ചതും ബിജെപിക്ക് അധികാരം നഷ്ടമാകുന്നതിന് പ്രധാന കാരണമായി. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളഇല്‍ ചെറിയ പാർട്ടികളുമായി സഖ്യം ചേരാൻ തയ്യാറാകുമെന്ന് ബിജെപി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. കർണാടകയിൽ പ്രതിപക്ഷത്താണെങ്കിലും എച്ച്‌ ഡി കുമാരസ്വാമിയുമായി കൂട്ടുകൂടുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി.

പ്രാദേശിക നേതാക്കളെ പ്രചാരണത്തിനിറക്കി തന്ത്രം മെനഞ്ഞത് കർണാടകയിൽ കോൺഗ്രസിന് അനുകൂലമായെന്നാണ് ബിജെപി കണക്കാക്കുന്നത്. അതിനാൽ പ്രചാരണത്തിനായി കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഉയർന്ന പ്രൊഫൈലിലുള്ള നേതാക്കളെ മാത്രം ആശ്രയിക്കുന്നതിന് പകരം പ്രാദേശിക നേതാക്കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തന്ത്രത്തിലേക്ക് അവരും നീങ്ങും.

മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപിയുടെ മുഖമായി തുടരും. ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ, ബി ഡി ശർമ്മ തുടങ്ങിയ നേതാക്കൾക്ക് ചൗഹാനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ നിർദേശം നൽകും. 2020ൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് ഇനിയും ജനപ്രീതി നേടാനായിട്ടില്ല എന്നത് മറ്റൊരു വെല്ലുവിളിയാണ്.

രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര നേതൃത്വവുമായി അടുത്തബന്ധത്തിലല്ലെങ്കിലും സംസ്ഥാനത്ത് പരിഗണന നല്‍കാതിരിക്കില്ല. അതോടൊപ്പം തന്നെ വിവിധ ജാതി ഗ്രൂപ്പുകളുടെ പ്രതിനിധികളായി കണക്കാക്കപ്പെടുന്ന നേതാക്കളായ കിരോരി ലാൽ മീണ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സതീഷ് പൂനിയ തുടങ്ങിയവര്‍ക്കും മുന്‍നിരയില്‍ തന്നെ സ്ഥാനമുണ്ടാകും.

ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിംഗ്, മുതിർന്ന നേതാവ് ബ്രിജ്മോഹൻ അഗർവാൾ, അരുൺ സാവോ എന്നിവരും തെലങ്കാനയിൽ ബന്ദി സജയ്, ഇ രാജേന്ദ്രൻ, ജി കിഷൻ റെഡ്ഡി എന്നിവരും പാർട്ടിയുടെ പ്രധാന മുഖങ്ങളാകും.

ഓരോ സംസ്ഥാനങ്ങളിലും പ്രാദേശികതലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന പ്രശ്നങ്ങളും ഭിന്നാഭിപ്രായങ്ങളും പരിഹരിച്ച് ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാകും പ്രധാന നിർദേശം. ജനപ്രീതിയുള്ള മുതിർന്ന നേതാക്കളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കും. ഭരണത്തിലിരിക്കുന്ന മധ്യപ്രദേശിൽ സർക്കാരും പാര്‍ട്ടിയും തമ്മിൽ മികച്ച ഏകോപനമുണ്ടാക്കിയെടുക്കും. അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രധാന്യം നല്‍കിയാകും മുന്നോട്ടുപോകുക. അവരുടെ നിര്‍ദേശങ്ങള്‍ പ്രാദേശികതലത്തില്‍ പ്രശ്നപരിഹാരത്തിനും, തന്ത്രങ്ങള്‍ മെനയുന്നതിനും സഹായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി