INDIA

കെജിഎഫ് ആർക്കൊപ്പം? പരസ്പരം പടവെട്ടാന്‍ സിപിഎമ്മും സിപിഐയും

ഖനി തൊഴിലാളികളുടെ പുനരധിവാസമാണ് കെജിഎഫിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം

എ പി നദീറ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ നിരവധി വിഷയങ്ങളുണ്ട് ചര്‍ച്ചയാകാനും വോട്ടര്‍മാരെ സ്വാധീനിക്കാനും. എന്നാല്‍ 22 വര്‍ഷമായി ഒരേ ഒരു വിഷയം മാത്രം തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്ന മണ്ഡലമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ഖനിയുടെ പേരുള്ള കെജിഎഫ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ ഖനനം നിര്‍ത്തിയിട്ടു 22 വര്‍ഷമായി. അന്നത്തെ ഖനി തൊഴിലാളികയും അവരുടെ ആശ്രിതരുമാണ് ഈ മണ്ഡലത്തിലെ സമ്മതിദായകരില്‍ ഏറെയും. പുനരധിവാസവും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഖനി പൂട്ടിയത്. എന്നാല്‍ ഇത് ലഭിക്കാത്തവരാണ് ഇവിടെയുള്ളവരില്‍ ഭൂരുഭാഗവും.

സ്വര്‍ണഖനി പൂട്ടലും പ്രതിസന്ധിയും

കുഴിച്ചെടുക്കുന്ന സ്വര്‍ണ ലഭ്യത കുറഞ്ഞപ്പോള്‍ 2001 ല്‍ ആയിരുന്നു കോലാര്‍ ഗോള്‍ഡ് ഫീല്‍ഡെന്ന ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണഖനിക്ക് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിട്ടത്. അന്ന് ഖനി തൊഴിലാളികളായിരുന്നു ഇവിടുത്തക്കാരെ തുച്ഛമായ തുക നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ അധീനതയിലുള്ള ഖനന കമ്പനി ആയ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് പിരിച്ചു വിടുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും ബാക്കി നഷ്ടപരിഹാര തുക നല്‍കാതെയും തൊഴിലാളികള്‍ക്ക് കെജിഎഫിലെ ഭൂമിയില്‍ പട്ടയം നല്‍കാതെയും കബളിപ്പിക്കുകയാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍. ഇത്തവണ ഈ പ്രശ്‌നത്തിനൊരു പരിഹാരമുണ്ടാക്കിയെ അടങ്ങൂ എന്ന വാശിയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാരും പ്രാദേശിക പാര്‍ട്ടികളും .

കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം മണ്ഡലം

മണ്ഡലം കര്‍ണാടകയിലാണെങ്കിലും തമിഴ്, തെലുഗ്, മലയാളി കുടിയേറ്റ മേഖലയാണ് കെജിഎഫ്. കൊളോണിയല്‍ ഭരണ കാലം മുതല്‍ ഖനിയില്‍ തൊഴിലെടുക്കാന്‍ എത്തിയ തമിഴ്നാട്, ആന്ധ്രാ, കേരളം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പുതിയ തലമുറയാണ് ഇവിടെ ഇപ്പോഴുള്ളത്. സംവരണ മണ്ഡലമായ കെജിഎഫില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദി ദ്രാവിഡ ഹിന്ദു, വൊക്കലിഗ, നായിഡു, മുസ്ലിം, മുതലിയാര്‍, ക്രിസ്ത്യന്‍ സമുദായങ്ങളാണ് സ്വാധീനമുള്ള വോട്ടു ബാങ്കുകള്‍. കോണ്‍ഗ്രസിനെയും ബിജെപിയെയും മാത്രമല്ല സിപിഐയെയും സിപിഎമ്മിനേയും എഐഎഡിഎംകെയും വരെ നിയമസഭയില്‍ എത്തിച്ച പാരമ്പര്യമുണ്ട് ഇവിടെത്തെ വോട്ടര്‍മാര്‍ക്ക്. മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയുടെ മകള്‍ രൂപകല ശശിധര്‍ ആണ് നിലവില്‍ കെജിഎഫിലെ നിയമസഭാംഗം. 2008 മുതല്‍ ബിജെപി കൈവശം വെച്ച മണ്ഡലം 2018 ല്‍ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു.

ജ്യോതി ബസു ( സിപിഐ ) രൂപകലശശിധർ ( കോൺഗ്രസ് ) പി തങ്കരാജ് ( സിപിഎം

റീലിലെ കെജിഎഫും റിയല്‍ കെജിഎഫും

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ യാഷ് ചിത്രം കെജിഎഫും യഥാര്‍ഥ്യവും തമ്മില്‍ അജഗജാന്തരമുണ്ട്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ പ്രവേശിക്കും മുന്‍പേ ദൂരത്തു നിന്നേ ദൃശ്യമാകും വലിയ മലമടക്കുകള്‍. സ്വര്‍ണം കുഴിച്ചെടുക്കുമ്പോള്‍ കിട്ടിയ അവശിഷ്ടം വര്‍ഷങ്ങളായി കുമിഞ്ഞു കൂടി രൂപപ്പെട്ടതാണ് ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന ഈ വലിയ മലകള്‍. ഇതിനെ ചുറ്റിപ്പറ്റിയാണ് കെജിഎഫ്കാരുടെ വാസം. മലമുകളില്‍ കാറ്റു വീശുമ്പോള്‍ അന്തരീക്ഷത്തില്‍ കലരുന്ന സയനൈഡ് അംശമാണിവര്‍ ശ്വസിക്കുന്നത്. ഇവിടെ വസിക്കുന്നവരില്‍ ഭൂരിഭാഗവും ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമകളാണ്. പണ്ട് ബ്രിട്ടീഷുകാര്‍ ഖനി തൊഴിലാളികള്‍ക്ക് കെട്ടി കൊടുത്ത 200 ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള വീടുകളിലാണ് ഇപ്പോഴും ഇവിടത്തുകാര്‍ കഴിയുന്നത്. വീടുകള്‍ക്ക് പട്ടയമില്ല നമ്പറുകള്‍ ഉണ്ട്, അതുകൊണ്ടു മാത്രം ഇവരെ സമ്മതിദായകര്‍ എന്ന് വിളിക്കും തിരഞ്ഞെടുപ്പ് കാലത്ത്.

ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ് പ്രദേശത്തുകാര്‍ക്ക്. ഒരുവിധ വികസന പദ്ധതികളും കെ ജിഎഫിലേക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുമില്ല. കെജിഎഫില്‍ രൂപപ്പെട്ട ഖനി അവശിഷ്ടങ്ങളുടെ മലയില്‍ സ്വര്‍ണമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് . ഇവിടെനിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുന്ന തിരക്കിലാണ്.

കുടി ഒഴിപ്പിക്കലിനെതിരെ ശബ്ദമാകാന്‍ ഇടതു പാര്‍ട്ടികള്‍

കെജിഎഫിലെ ജനതയുടെ ഈ ജീവല്‍പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെങ്കില്‍ ഖനിത്തൊഴിലാളികളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ നിയമസഭയില്‍ എത്തിയെ മതിയാകൂ എന്നാണ് വിലയിരുത്തല്‍. 1952 ല്‍ അന്നത്തെ മൈസൂര്‍ നിയമസഭയില്‍ കെജിഎഫിനെ പ്രതിനിധീകരിച്ചത് സിപിഐ ആയിരുന്നു. പിളര്‍പ്പിന് ശേഷം സിപിഐയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ പലതവണ കെജിഎഫില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 1957 ലും 1962 ലും സിപിഐ പ്രതിനിധികള്‍ കര്‍ണാടക നിയമസഭയില്‍ എത്തി. 1985 ല്‍ സിപിഐഎം പ്രതിനിധിയെയും കെജിഎഫുകാര്‍ വിധാന്‍ സൗധയിലേക്ക് അയച്ചു. പിന്നീടൊരിക്കലും ഇടതു പ്രതിനിധികള്‍ക്ക് ജയിച്ചു കയറാനായില്ല ഇവിടെ നിന്നും. ഖനിക്കു താഴു വീണ് 22 വര്‍ഷങ്ങള്‍ക്കിപ്പുറം ജയിച്ചേ മതിയാകൂ എന്ന വാശിയില്‍ ഇത്തവണ പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐയും സിപിഐഎമ്മും . സിപിഐക്കായി ജ്യോതി ബസുവും സിപിഐഎമ്മിനായി പി തങ്കരാജുവും കളത്തിലിറങ്ങും .

രൂപകലക്ക് മത്സരം കടുപ്പമേറും

കോണ്‍ഗ്രസ് ഇത്തവണയും കെജിഎഫില്‍ നിര്‍ത്തുന്നത് സിറ്റിംഗ് എം എല്‍ എ രൂപകല ശശിധര്‍നെയാണ്. കെജിഎഫില്‍ സ്വാധീനമുള്ള ഇടതു പാര്‍ട്ടികള്‍ മത്സരം ഉറപ്പാക്കിയതോടെ രൂപകലക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തുകയാണ്. രൂപകല 2018 ല്‍ വിജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെജിഎഫ് ഉള്‍പ്പെടുന്ന കോലാര്‍ സീറ്റില്‍ പിതാവ് കെ എച്ച് മുനിയപ്പ പരാജയം രുചിച്ചിരുന്നു . 2018 ല്‍ എഴുപത്തിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം നേടിയായിരുന്നു രൂപകലയുടെ വിജയം. എന്നാല്‍ കെജിഎഫ് ഖനിത്തൊഴിലാളികളുടെ അതിജീവന സമരത്തില്‍ എംഎല്‍എയുടെ ഇടപെടല്‍ വേണ്ട വിധം ഉണ്ടായില്ലെന്നാണ് ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പടെ ആരോപിക്കുന്നത് . സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന രീതി മാറ്റി പരീക്ഷിക്കാന്‍ സിപിഐ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ മുന്നോട്ടു വരുന്നതോടെ അനായാസേന ജയിച്ചു കയറാന്‍ പറ്റാത്ത സാഹചര്യമുണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ