INDIA

ഉഷ്ണതരംഗത്തിൽ പൊള്ളി കർണാടക, താപനിലയിൽ റെക്കോർഡിട്ട് കൽബുർഗി, ബെംഗളൂരുവിൽ 37 ഡിഗ്രി സെൽഷ്യസ്

ദ ഫോർത്ത് - ബെംഗളൂരു

വേനലുരുക്കത്തിൽ ചുട്ടു പൊള്ളുകയാണ് കർണാടക. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ നാൽപതു ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയിരിക്കുകയാണ് ഉഷ്ണമാപിനി. കല്യാണ കർണാടക മേഖലയിലാണ് (ഹൈദ്രബാദ്-കർണാടക ) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ ചൂട് അനുഭവപ്പെടുന്നത്. ഞായറാഴ്ച കൽബുർഗി ജില്ലയിൽ രേഖപ്പെടുത്തിയത് 43.1 ഡിഗ്രി സെൽഷ്യസ് ചൂടാണ്.

റായ്ച്ചൂർ, കൊപ്പാള, ബാഗൽകോട്ട്, വിജയപുര ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഇവിടങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പും ജാഗ്രതാ നിർദേശവും തുടരുകയാണ്.
കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു നഗരവും കഴിഞ്ഞ എട്ടു വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത വേനൽ അനുഭവിക്കുകയാണ്. നഗരത്തിൽ ഞായറാഴ്ച 37.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണ വേനൽക്കാലങ്ങളിൽ അപൂർവമായേ ബെംഗളൂരുവിൽ താപനില 35 കടക്കാറുള്ളൂ. എന്നാൽ ഇത്തവണ കർണാടകയിലുടനീളം അനുഭവപ്പെടുന്ന വേനൽ കടുപ്പം തലസ്ഥാന നഗരത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ഇത്തവണ വേനൽ കടുത്തതോടെ വരൾച്ചയും  ജലദൗർലഭ്യവും അനുഭവിക്കുകയാണ് മിക്ക ജില്ലകളും. ബെംഗളൂരുവിൽ ഭൂഗർഭ ജലവിതാനം മുമ്പെങ്ങുമില്ലാത്ത വിധം താഴ്ന്നതോടെ കാവേരി ജലവിതരണമില്ലാത്ത കുഴൽക്കിണറുകളെ ആശ്രയിച്ചു കഴിയുന്നവർ പ്രതിസന്ധിയിലായി. ഭീമമായ തുക നൽകി  ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന വെള്ളം   ആശ്രയിക്കുകയാണ് നഗരവാസികൾ. ബെംഗളൂരുവിൽ ടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന കാവേരി നദീജലം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്. കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കുന്നുണ്ട്. വെള്ളമില്ലാതായതോടെ നഗരത്തിലെ നിർമാണ പ്രവർത്തികൾ തടസപ്പെട്ടിരിക്കുകയാണ്. മറുനാട്ടുകാരായ ഐടി - ബിടി ജീവനക്കാർ വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി നാടുകളിലേക്ക് മടങ്ങുകയാണ്.

മനുഷ്യരെ പോലെ തന്നെ സംസ്ഥാനത്തെ കന്നുകാലികളെയും കാർഷിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വേനലും വരൾച്ചയും ജലമില്ലായ്മയും. കർണാടകയിലെ ഒട്ടുമിക്ക കാർഷിക ജില്ലകളും കടുത്ത വരൾച്ച നേരിടുകയാണ്. കാവേരി നദീതട മേഖലയിൽ പോലും വെള്ളം കിട്ടാക്കനിയായി. മണ്ടിയ, രാമനഗര, ചന്നപട്ടണ, മൈസൂരു ഭാഗങ്ങളിൽ നെൽകൃഷി അവതാളത്തിലായി. അധികം വെള്ളം ആവശ്യമില്ലാത്ത റാഗി, കരിമ്പ്, ചോളം പോലുള്ള കൃഷി മാത്രമാണ് വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകുന്നത്. ബെലഗാവി, ഹാവേരി, ബാഗൽകോട്ട് ബീദർ എന്നീ ജില്ലകളിൽ ഹെക്ടർ കണക്കിന് കൃഷി നാശമുണ്ടായി.

കന്നുകാലികൾക്ക് കുടിവെള്ളവും തീറ്റപ്പുല്ലും നൽകാനാവാതെ പ്രതിസന്ധിയിലായ കർഷകർ  മനസില്ലാമനസോടെ അവയെ കാലി ചന്തകളിൽ വിൽക്കാൻ വെക്കുകയാണ്. സർക്കാരിന്റെ ഫോഡർ ബൂത്തുകളിൽ ( തീറ്റപ്പുൽ  വിതരണ കേന്ദ്രം) നിന്ന് കർഷകർക്ക് മതിയായ അളവിൽ തീറ്റപ്പുൽ ലഭ്യമാകുന്നില്ല. വേനൽക്കാലത്ത് കന്നുകാലികൾക്ക് പതിവിലുമധികം വെള്ളം ആവശ്യമായി വരുന്നുണ്ട്. നിർജലീകരണം കാരണം മിക്ക ഇടങ്ങളിലും കന്നുകാലികൾ തളർന്നു വീഴുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

നിലവിൽ കർണാടകയിൽ മഴ പെയ്യാനുള്ള സാധ്യത തുലോം തുച്ഛമായാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ കാലാവസ്ഥ ഈ മാസം അവസാനം വരെ തുടരും. താപനിലയിൽ ചെറിയ ഏറ്റ കുറച്ചിലുകളും ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഉഷ്ണ തരംഗം പ്രവചിക്കപ്പെട്ടതിനാൽ സൂര്യ താപം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ പൊതു ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. സൂര്യ താപം ഏൽക്കുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ട്. ഉച്ച സമയത്ത് കഴിയുന്നത്ര സൂര്യ പ്രകാശത്തിൽ നിന്ന് വിട്ടു നിൽക്കാനും നിർമാണ ജോലികളിൽ ഏർപ്പെടുന്നവരെ ചൂട് രൂക്ഷമാകുന്ന സമയങ്ങളിൽ ജോലിയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും