കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മിക്കാനും ക്ഷേത്രങ്ങളുടെ നവീകരണത്തിനും കോടികള്‍ നീക്കിവച്ച് ബൊമ്മൈ സര്‍ക്കാരിന്റെ അവസാന ബജറ്റ്. വരുന്ന ഏപ്രില്‍ - മെയ് മാസങ്ങളില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വമ്പന്‍ പ്രഖ്യാപനങ്ങള്‍. രാമ നഗര ജില്ലയിലെ രാമദേവര ഹില്‍സില്‍ രാമക്ഷേത്രം പണിയുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ബജറ്റ് പ്രഖ്യാപനം. ഇത് കൂടാതെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വികസനത്തിന് ബജറ്റില്‍ ആയിരം കോടി രൂപ നീക്കിവയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനവും വാഗ്ദാനങ്ങളുമാണ് ബജറ്റിലുടനീളം. ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പട്ടിക ജാതി - പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് അഗ്‌നിവീര്‍ പരീക്ഷ എഴുതാന്‍ സൗജന്യ പരിശീലനം നല്‍കും. പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 30,215 കോടി രൂപ ബജറ്റില്‍ നീക്കി വച്ചതായും ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ആസിഡ് ആക്രമണ ഇരകള്‍ക്കു വീട് നിര്‍മിക്കാന്‍ ധനസഹായം, 4000 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ , ചിത്ര ദുര്‍ഗയില്‍ മെഡിക്കല്‍ കോളേജ് എന്നിവ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. കാര്‍ഷിക രംഗത്തിന്റെ വികസനത്തിനായി 39,031 കോടി രൂപ മാറ്റി വയ്ക്കും.
ബജറ്റ് ദിനത്തില്‍ ചെവിയില്‍ പൂ ചൂടിയാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡികെ ശിവവകുമാര്‍ തുടങ്ങിയവര്‍ പൂ ചൂടി എത്തിയത് സഭയെ തുടക്കത്തില്‍ ബഹളമയമാക്കി. ബിജെപി ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റാണ് ബൊമ്മൈ അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.