INDIA

ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രജ്വൽ ജർമനിയിലേക്ക് പറന്നു 

ലോക്സഭാ തിരഞ്ഞെടുപ്പിന്  രണ്ടു ദിവസം മുൻപായിരുന്നു ഹാസൻ ലോക്സഭ സ്ഥാനാർഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ  പ്രജ്വലിന്റെ വീഡിയോ പ്രചരിച്ചത് 

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ പ്രജ്വൽ  രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങളിൽ  സ്ത്രീപീഡന പരാതിയിൽ  അന്വേഷണം. ഇതിനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ  തീരുമാനിച്ചതായി മുഖ്യമന്ത്രി  സിദ്ധരാമയ്യ അറിയിച്ചു.

സംസ്ഥാന വനിതാ കമ്മിഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ്  അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും  സിദ്ധരാമയ്യ വ്യക്തമാക്കി. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മിഷന്റെ ഇടപെടൽ. കർണാടകയിൽ ഹാസൻ ഉൾപ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന  ഒന്നാം ഘട്ട  തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു  പ്രജ്വൽ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചത്.

പ്രജ്വൽ രേവണ്ണ

"വനിതാ കമ്മിഷൻ അധ്യക്ഷ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. അവരുടെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ  തീരുമാനിച്ചു. സ്ത്രീകൾ ലൈംഗിക അതിക്രമത്തിനിരയാകുന്ന അശ്ലീല വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്, " സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.

അതേസമയം വീഡിയോ ക്ലിപ്പുകൾ  കൃത്രിമമായി നിര്‍മിച്ചതാണെന്ന വാദമാണ് ജെഡിഎസിന്റേത്. ഹാസനിൽ രണ്ടാമതും ജനവിധി തേടുന്ന പ്രജ്വൽ രേവണ്ണയെ തോൽപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടന്നിട്ടുണ്ട്. പ്രജ്വൽ രേവണ്ണയെ പൊതു സമൂഹത്തിൽ അപമാനിക്കാൻ  നവീൻ ഗൗഡയെന്ന  ആളും മറ്റു  ചിലരും ചേർന്ന്  കൃത്രിമമായി നിർമിച്ച   വീഡിയോകളും ചിത്രങ്ങളും ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ  വിതരണം ചെയ്തതായാണ്  ജെഡിഎസ് - ബിജെപി നേതൃത്വം ആരോപിക്കുന്നത് .

സിഡികൾ, വാട്ട്‌സ്ആപ്പ് , പെൻഡ്രൈവ്, എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഒട്ടുമിക്ക ആളുകളുടെയും കയ്യിൽ എത്തിയിട്ടുണ്ട്. അതേ സമയം വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ  പ്രജ്വൽ രേവണ്ണ  ജർമനിയിലേക്ക് പറന്നു. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച് ഡി ദേവെ ഗൗഡയുടെ  മകൻ എച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.

ദേവെ ഗൗഡയുടെ തട്ടകമായ  ഹാസനിൽ നിന്ന് 2019 ൽ ആയിരുന്നു പ്രജ്വൽ ലോക്സഭയിലേക്ക് കന്നി അങ്കം ജയിച്ചത്. എന്നാൽ രണ്ടാം വട്ടം പ്രജ്വലിന് ടിക്കറ്റ് നൽകിയതിൽ ജെഡിഎസിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. മണ്ഡലത്തിൽ  മത്സരം കടുത്തതോടെ പ്രജ്വലിന്റെ നില പരുങ്ങലിലായിരുന്നു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിന് രണ്ടു നാൾ മുൻപ് അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചത്. കർണാടകയിൽ ഇത്തവണ എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ജെഡിഎസ്  ഹാസൻ അടക്കം മൂന്നു മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍