INDIA

ഗൃഹലക്ഷ്മി പദ്ധതി വാഗ്ദാനവും നടപ്പിലാക്കി കർണാടക സർക്കാർ; വീട്ടമ്മമാർക്ക്‌ പ്രതിമാസം 2000 രൂപ ബാങ്ക് അക്കൗണ്ടിൽ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ തൊഴിൽരഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടർമാർക്ക് മുന്നിൽവച്ച അഞ്ചിന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. മൈസൂരുവിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് കോൺഗ്രസ് വിഭാവന ചെയ്ത പദ്ധതിയാണ് ഗൃഹലക്ഷ്മി. ലോകത്തൊരിടത്തും ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നു കോൺഗ്രസ് എം പി രാഹുൽഗാന്ധി പറഞ്ഞു.

സ്ത്രീകളാണ് കർണാടകയുടെ ശക്തി. മരങ്ങളുടെ വേരുപോലെ സമൂഹത്തിൽ അവരുടെ സംഭാവന എപ്പോഴും മറഞ്ഞാണിരിക്കുന്നത്. എന്നാൽ സമൂഹത്തിന്റെ അടിത്തറ തന്നെ അവരാണെന്ന കാര്യം മറന്നു കൂടെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.

സംസ്ഥാനത്തെ 1.08 കോടി സ്ത്രീകളാണ് പദ്ധതിയുടെ പ്രയോക്താക്കൾ. സെപ്റ്റംബർ ആദ്യവാരം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുന്ന രീതിയിൽ നിക്ഷേപം നടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നികുതിദായകരല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയാണ് ഗൃഹലക്ഷ്മി പദ്ധതിക്കായി സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുന്നതിന് ഈ സാമ്പത്തിക വർഷം ബജറ്റിൽ 17 ,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രതിവർഷം ഒരാൾക്ക് 24,000 രൂപയാണ് സർക്കാർ പദ്ധതി വഴി നൽകുക.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങളിൽ ഗൃഹലക്ഷ്മി പദ്ധതി ഉൾപ്പടെ നാല് വാഗ്ദാനങ്ങളാണ് ഇതുവരെ പാലിക്കപ്പെട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത ശക്തി പദ്ധതി, 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയ ഗൃഹജ്യോതി പദ്ധതി, 10 കിലോഗ്രാം അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി എന്നിവയാണ് ഇതിനുമുൻപ് നടപ്പിലായവ . അഞ്ചിന വാഗ്ദാനങ്ങളിൽ ഇനി നടപ്പിലാകാനുള്ളത് ബിരുദ പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്കു സഹായ ധനം നൽകുന്ന യുവനിധി പദ്ധതി മാത്രമാണ്. ഇതിനായുള്ള വിവര ശേഖരണം നടക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും