കര്‍ണാടക ആരോഗ്യ, കുടംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. 'അര്‍ധ പാകിസ്താനി'യെന്നായിരുന്നു മന്ത്രിക്കെതിരായ എംഎല്‍എയുടെ പരാര്‍മശം.
മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ മുസ്ലിമായതിനാലായിരുന്നു എംഎല്‍എയുടെ 'അര്‍ധ പാകിസ്താനി' പരാമര്‍ശം. ഇതിനെ നിശിതമായി വിമര്‍ശിച്ച ജസ്റ്റിസ് എം നാഗപ്രസന്ന, 'നിങ്ങള്‍ക്കു മനസില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയാമോ?'യെന്ന് എംഎല്‍എയോട് കോടതി ചോദിച്ചു. ഇവിടെ താമസിക്കുകയും ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിക്കുകയും ചെയ്ത രാജ്യത്തെ മുസ്ലിം സമൂഹത്തെയൊന്നാകെ എങ്ങനെയാണ് ഇങ്ങനെ വിശേഷിപ്പിക്കാൻ കഴിയുകയെന്നും കോടതി ചോദിച്ചു.
''എന്താണിത്? മുസ്ലിമിനെ വിവാഹം ചെയ്തതുകൊണ്ട് നിങ്ങള്‍ക്കെങ്ങനെ അദ്ദേഹത്തെ പാകിസ്താനിയെന്നു വിളിക്കാനാവും? എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? മനസില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ? ഒരു പ്രത്യേക സമുദായത്തിനു പ്രത്യേക പരിവേഷം നല്‍കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. അവര്‍ ഇവിടെയാണു താമസിക്കുന്നത്,''ജസ്റ്റിസ് എം നാഗപ്രസന്ന വാക്കാല്‍ പറഞ്ഞു.
വിദ്വേഷപരാമര്‍ശത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസ് സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും എംഎല്‍എ വിചാരണക്കോടതിക്കു മുന്‍പാകെ ഹാജരാവണമെന്നും ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.
സംഭവത്തില്‍ എംഎല്‍എ പിറ്റേദിവസം പുറത്തിറക്കിയ വിശദീകരണ പ്രസ്താവന അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വെങ്കടേഷ് ദല്‍വായ് കോടതി മുന്‍പാകെ ഹാജരാക്കി. എന്നാല്‍, ഇത്തരം പ്രസ്താവനകള്‍ ഇക്കാലത്ത് സാധാരണമായിരിക്കുന്നുവെന്നായിരുന്നു കോടതിയുടെ പ്രതികരണം.
''ഇത് ശരിയല്ല. ഇത്തരം പ്രസ്താവനകള്‍ ദിവസവും ഞാന്‍ കാണുന്നുണ്ട്,''ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. എംഎല്‍എയില്‍നിന്നുണ്ടാകുന്ന വ്യക്തിപരമായ ആക്രമണങ്ങളെയും കോടതി ചോദ്യം ചെയ്തു. ''നിങ്ങള്‍ എന്തിനാണ് വ്യക്തിപരമായി സമീപിക്കുന്നത്? സംയമനം പാലിക്കണം,'' എന്നായിരുന്നു കോടതിയുടെ വാക്കുകൾ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം. ''ഗുണ്ടുറാവുവിന്റെ വീട്ടിലൊരു പാകിസ്താനുണ്ട്. അതുകൊണ്ട് ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണ്,'' എന്നായിരുന്നു ബസനഗൗഡ പാട്ടീല്‍ യത്‌നാലിന്റെ വാക്കുകള്‍.
സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളുരു കോടതി, യത്‌നാലിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിനു കേസെടുക്കുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണു എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസെടുക്കാൻ ഉത്തരവിടുന്നതിനു മുൻപ് തങ്ങളുടെ ഭാഗം കേൾക്കേണ്ടതായിരുന്നുവെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. പ്രതി സമീപിക്കുമ്പോൾ അദ്ദേഹത്തിനു പറയാനുള്ളത് കേൾക്കാൻ വിചാരണക്കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.