INDIA

ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഇനി മലകയറ്റം; ഓഫ്‌ലൈൻ ട്രക്കിങ് താത്കാലികമായി നിരോധിച്ച് കർണാടക വനം വകുപ്പ്

ദ ഫോർത്ത് - ബെംഗളൂരു

മലകയറ്റത്തിൽ കമ്പമുള്ളവരാണോ നിങ്ങൾ. വാരാന്ത്യങ്ങളിൽ കർണാടകയിലെ ട്രക്കിങ് പോയിന്റുകളിലേക്ക് യാത്ര പുറപ്പെടും മുൻപ് ശ്രദ്ധിക്കുക. വനം-വന്യ ജീവി-പരിസ്ഥിതി വകുപ്പിൽ ഓൺലൈൻ ആയി ബുക്ക് ചെയ്തു മുൻകൂട്ടി അനുമതി വാങ്ങി മാത്രമേ  ഇനി  കർണാടകയിലെ  ട്രക്കിങ് പോയിന്റുകളിൽ എത്തിച്ചേരാനാകൂ. ട്രക്കിങ് സ്പോട്ടിൽ എത്തിയ ശേഷമുള്ള 'അനുമതി തേടൽ' ഇനി നടക്കില്ല. എല്ലാ ട്രക്കിങ് പോയിന്റിലേക്കുമുള്ള  ഓഫ്‌ലൈൻ  ബുക്കിങ് കർണാടക വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു  ഉത്തരവിറക്കി. ഓൺലൈനില്‍ നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ പ്രതിദിനം ട്രക്കിങ്ങിന് അനുമതി ലഭിക്കുകയുള്ളൂ. ഓൺലൈൻ ബുക്കിങ്  തടസമില്ലാതെ  നടത്താനുള്ള  സജ്ജീകരണം വനം വകുപ്പ്  ഒരുക്കി തുടങ്ങി. നിലവിൽ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ള ട്രക്കിങ് സ്പോട്ടിലേക്ക്  ബുക്ക് ചെയ്തു യാത്ര പോകുന്നതിന്  തടസങ്ങളൊന്നുമില്ല. 

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും തുടർന്ന് വന്ന ശനി, ഞായർ ദിവസങ്ങളിലും ചില ട്രക്കിങ് സ്പോട്ടുകളിൽ അനുഭവപ്പെട്ട വൻ തിരക്കാണ് വനം വകുപ്പിനെ ഈ തീരുമാനത്തിലെത്തിച്ചത്. കർണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പർവതം ഉൾപ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളായിരുന്നു  മലകയറ്റക്കാരെ കൊണ്ട് ഈ ദിവസങ്ങളിൽ  നിറഞ്ഞു കവിഞ്ഞത്.  മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത  ഒട്ടുമിക്ക ട്രക്കിങ് ബേസ് ക്യാമ്പുകളിലും നൂറുകണക്കിന്  വാഹനങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

ചെങ്കുത്തായ, അപകടം പതിയിരിക്കുന്ന മലമുകളിൽ  ഒരേസമയം  ഇത്രയും ആളുകളെ ഉൾക്കൊള്ളുക എന്നത് തന്നെ അശാസ്ത്രീയമാണെന്നാണ് വിദഗ്ദാഭിപ്രായം. അപകടം സംഭവിച്ചാൽ ആളുകളെ താഴെ എത്തിക്കുന്നതിനുള്ള പ്രാഥമികമായ സജ്ജീകരണം പോലും മിക്കയിടങ്ങളിലുമില്ല. സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകൾ, ഭക്ഷണ  അവശിഷ്ടങ്ങൾ എന്നിവയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വേറെ.  

പശ്ചിമഘട്ട മലനിരകളിൽ  ചെറുതും വലുതുമായ നാല്പതോളം  ട്രക്കിങ് സ്പോട്ടുകളാണുള്ളത്. ഇവയിൽ 30 എണ്ണവും കഴിഞ്ഞ അവധി ദിവസങ്ങളിൽ  പൂരപ്പറമ്പിന് സമാനമായിരുന്നു. കേരളം , തമിഴ്‌നാട് സംസ്ഥാനങ്ങളിൽ  നിന്നുള്ള  സഞ്ചാരികളാണ്   മലകയറ്റത്തിന്  ഈ പ്രദേശങ്ങൾ  തിരഞ്ഞെടുത്തവരില്‍ കൂടുതലും.

ചൂട് കുറഞ്ഞ മേഖല എന്നതും  അതിസാഹസികത ആവശ്യമില്ലാത്ത മലകയറ്റം എന്നതുമാണ് പശ്ചിമഘട്ട മലനിരകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കാടും പുൽമേടും തെളിനീരരുവികളും ചെറുതും വലുതുമായ  വെള്ളച്ചാട്ടങ്ങളും കാട്ടു ചോലകളും അനുഭവിച്ചറിയാനുള്ള അവസരമാണ്  ഈ മേഖലയിലെ  മലകയറ്റം  സഞ്ചാരികൾക്ക്  നൽകുന്നത്.

കോവിഡ്  മഹാമാരിക്ക് ശേഷമാണ്‌ പശ്ചിമഘട്ട മലനിരകളിലേക്ക് കൂടുതൽ സഞ്ചാര പ്രിയർ എത്തിത്തുടങ്ങിയത്. ഈ പ്രദേശങ്ങളെ കുറിച്ച്‌  സമൂഹമാധ്യമങ്ങളിൽ റീലുകളും വ്ളോഗുകളും  പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയായിരുന്നു സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.

ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രിക്കാനാവാത്ത തിരക്ക് കുറച്ചു കാലമായി തുടർക്കഥയാണ്. പ്രവേശനം ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രമാക്കി  പരിമിതപെടുത്തുന്നതോടെ  ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ചൂട് കാലമാക്കുന്നതോടെ  ട്രക്കിങ് സ്പോട്ടുകളിൽ  പൊതുവെ തിരക്ക് കുറഞ്ഞു തുടങ്ങും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും