കൊച്ചി ലുലു മാളിനെതിരെ ഹിന്ദുത്വവാദികൾ നടത്തിയ വിദ്വേഷപ്രചാരണത്തിൽ ബിജെപി പ്രവർത്തകക്കെതിരെ കേസെടുത്ത് കർണാടക പോലീസ്. കൊച്ചിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണം നടത്താൻ ഉപയോഗിച്ച അതെ ചിത്രം പങ്കുവച്ചായിരുന്നു ഉപയോഗിച്ചായിരുന്നു പ്രചാരണം. ബോയിക്കോട്ട് ബെംഗളൂരു ലുലു മാൾ എന്ന ഹാഷ് ടാഗോടെ ആയിരുന്നു ബിജെപി പ്രവർത്തക ശകുന്തള നടരാജന്റെ എക്സ് പോസ്റ്റ്. സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ച ശേഷം ശകുന്തള കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് കൊച്ചി ലുലു മാളിൽ വിവിധ രാജ്യങ്ങളുടെ പതാക പ്രദർശിപ്പിച്ചിരുന്നു. ഇതിൽ പാകിസ്താന്റെ പതാക, ഇന്ത്യയുടേതിനേക്കാൾ വലുതാണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. ആരോപണം തെറ്റാണെന്നും വികൃതമാക്കിയ ചിത്രമായിരുന്നു പ്രചരിപ്പിച്ചതെന്നും പിന്നീട് കണ്ടെത്തി. എന്നാൽ ഇതേ ചിത്രമുപയോഗിച്ച് ബിജെപി പ്രവർത്തക വീണ്ടും വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചതോടെയാണ് കർണാടക പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊച്ചി ലുലു മാളിൽ നിന്നെടുത്ത ചിത്രം വിവാദമായത്. അതേതുടർന്ന് സ്ഥാപനത്തിന്റെ മാർക്കറ്റിങ് മാനേജർ ആതിര രാജിവച്ചിരുന്നു. പിന്നീട് ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ആതിരയോട് തിരികെ ജോലിയിൽ ലുലു ഗ്രൂപ്പ് ആവശ്യപ്പെട്ടത്. പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വവാദികളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തിയത്. മാളിൽ പ്രദർശിപ്പിച്ച എല്ലാം പതാകകളും ഒരേ ഉയരത്തിലായിരുന്നെങ്കിലും മുകളിലെ നിലയിൽ നിന്നെടുക്കുമ്പോൾ ചില പതാകയ്ക്ക് വലുപ്പം കൂടുതലുള്ളതായി തോന്നിച്ചിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു വ്യാജപ്രചാരകരുടെ നീക്കം.