കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. സ്കൂളുകളിലും കോളേജുകളിലും പ്രഭാത അസംബ്ലിയിൽ ആമുഖ വായനയും ഏറ്റുചൊല്ലലും നിർബന്ധമായും ഉൾപെടുത്തണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. പാഠപുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കാനും തീരുമാനം. നിലവിൽ പ്രാർത്ഥന ഗീതവും പ്രതിജ്ഞയും ദേശീയ ഗാനവും ചുരുക്കം ചില സ്കൂളുകളിൽ കന്നഡ രാജ്യഗീതവും ആലപിച്ചാണ് അധ്യയന ദിനം ആരംഭിക്കുന്നത്. ഇതോടൊപ്പമാണ് പുതുതായി ഭരണഘടനയുടെ ആമുഖ വായന കൂടി സ്ഥാനം പിടിക്കുന്നത്.
എല്ലാ വിഭാഗം ആളുകളെയും സമഭാവനയോടെ കാണാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ആമുഖ വായന നിർദേശിച്ചത്. എല്ലാ വിഭാഗം പൗരന്മാരെയും തുല്യമായി പരിഗണിക്കുന്ന ഭരണഘടനയുടെ അന്തസത്ത വിദ്യാർഥി മനസുകൾ ഉൾകൊള്ളുമെന്ന പ്രതീക്ഷയോടെയാണ് സർക്കാർ ഉത്തരവ്.
ബിജെപി സർക്കാരിന്റെ കാലത്ത് ദേശീയ ഗാനം ആലപിക്കാത്ത സ്വകാര്യ സ്കൂളുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് സിദ്ധരാമയ്യ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പാഠപുസ്തകങ്ങളിൽ സമൂലമായ മാറ്റം വരുത്തിയത്. സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, ബസവേശ്വര, ഭരണഘടനാ ശില്പി ബി ആർ അംബേദ്‌കർ, മൈസൂർ രാജാവ് ടിപ്പു സുൽത്താൻ തുടങ്ങിയവരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയായിരുന്നു വി ഡി സവർക്കറെയും ഹെഡ്ഗേവാറിനെയും കഴിഞ്ഞ ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ പ്രതിഷ്ഠിച്ചത്. ഇതിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് രംഗത്തുവന്നിരുന്നു. അധികാരത്തിലെത്തിയാൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ അധ്യയന വർഷം തന്നെ ഹെഡ്ഗേവാറിനെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം.